Image credit: x

Image credit: x

അബുദാബിയില്‍ നടന്ന ട്വന്‍റി 20 മല്‍സരത്തിനിടെ പാക്കിസ്ഥാന്‍ ഫാസ്റ്റ് ബോളര്‍ ഷാനവാസ് ദഹാനിയുമായി സ്നേഹം പങ്കിട്ട് ഹര്‍ഭജന്‍ സിങ്. മല്‍സരത്തില്‍ ഹര്‍ഭജന്‍റെ ആസ്പിന്‍ സ്റ്റാലിയന്‍സ് നാല് റണ്‍സിന്  ദഹാനിയുടെ നോര്‍ത്തേണ്‍ വാരിയേഴ്സിനോട് പരാജയപ്പെട്ടിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഹസ്തദാന വിവാദം ക്രിക്കറ്റില്‍ കൊടുമ്പിരി കൊണ്ടു നില്‍ക്കെയാണ് ഹര്‍ഭജന്‍റെ 'സ്പോര്‍ട്​സ്മാന്‍ സ്പിരിറ്റോടെയുള്ള ഇടപെടല്‍. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഹസ്തദാനം വേണ്ടെന്ന നയമാണ് ഹര്‍ഭജന്‍ ലംഘിച്ചതെന്നാണ് ഉയരുന്ന വിമര്‍ശനം.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധം കളിക്കളത്തിലും  വഷളായത്. ഏഷ്യാക്കപ്പില്‍ പാക് താരങ്ങള്‍ക്ക് ഇന്ത്യ ഹസ്തദാനം ചെയ്തിരുന്നില്ല. വലിയ വിവാദങ്ങള്‍ ഉണ്ടാവുകയും മാച്ച് ഫീയിലടക്കം പിഴ ഈടാക്കുകയുമെല്ലാം ചെയ്യുന്ന സംഭവ വികാസങ്ങള്‍ തുടര്‍ന്നുണ്ടായെങ്കിലും ഹസ്തദാനത്തില്‍ നിന്ന് ഇരു ടീമുകളും ഒഴിഞ്ഞു നിന്നു. 

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ  പാക്കിസ്ഥാനോട് കടുത്ത നിലപാട് സ്വീകരിച്ച താരമാണ് ഹര്‍ഭജന്‍. ഹര്‍ഭജനും  ശിഖര്‍ ധവാനും പഠാനുമുള്‍പ്പടെയുള്ളവര്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെ വേള്‍ഡ് ചാംപ്യന്‍ഷിപ് ഓഫ് ലെജന്‍ഡ്സില്‍ പാക്കിസ്ഥാനെതിരായ മല്‍സരം തന്നെ ഇന്ത്യ ഉപേക്ഷിച്ചു.

എന്നാല്‍ കളിക്കളത്തില്‍ വെറും പത്ത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത ദഹാനിയെ ഹര്‍ഭജന്‍ വിലക്കുകളെല്ലാം മറന്ന് അഭിനന്ദിക്കുകയായിരുന്നു. കളി കഴിഞ്ഞയുടന്‍ ദഹാനി ഹര്‍ഭജന്‍റെ അടുത്തേക്ക് എത്തിയാണ് സംസാരിച്ചതും ഇരുവരും സ്നേഹം പങ്കിട്ടതും.  ദഹാനിയാണ് മല്‍സരത്തിലെ താരവും. എന്നാല്‍ സമ്മിശ്ര പ്രതികരണങ്ങളാണ് വിഡിയോയ്ക്ക് ചുവടെ നിറയുന്നത്. 'പാക്കിസ്ഥാന്‍റെ ജഴ്സിയിടുമ്പോള്‍ മാത്രമേ ഹസ്തദാനത്തിന് പ്രശ്നമുള്ളോ' എന്ന് ഒരാളും 'ഇപ്പോള്‍ രാജ്യസ്നേഹം വേണ്ടെ'യെന്ന് മറ്റൊരാളും കുറിച്ചു. അതേസമയം, 'ഏത് വൈരാഗ്യത്തിനും മുകളിലാണ് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റെന്നും പരസ്പര ബഹുമാനമാണ് മനുഷ്യര്‍ക്ക് വേണ്ടതെന്നും ഹര്‍ഭജന് അതുണ്ടെന്നും' മറ്റുള്ളവര്‍ കുറിക്കുന്നു.  

ENGLISH SUMMARY:

Indian veteran Harbhajan Singh was seen sharing a warm moment with Pakistan fast bowler Shahnawaz Dahani after their Abu Dhabi T20 match, where Dahani won Player of the Match. The interaction sparked mixed reactions online, especially since Indian players had previously refused handshakes with Pakistani counterparts following the Pahalgam terror attack, a stance Harbhajan had strongly supported. The video, which has gone viral, is being both criticized (for questioning his earlier 'nationalism') and praised (for upholding 'sportsmanship spirit' and mutual respect beyond political tensions).