India's captain Shubman Gill (C) walks back to the pavilion after his injury during the second day of the first Test cricket match between India and South Africa at the Eden Gardens in Kolkata on November 15, 2025. (Photo by DIBYANGSHU SARKAR / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിനിടെ പരുക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തുടര്‍ന്നുള്ള മല്‍സരങ്ങള്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. കഴുത്തിന് സാരമായ പരുക്കേറ്റ് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് താരം. സൈമണ്‍ ഹാര്‍മറുടെ പന്ത് നേരിടുന്നതിനിടയിലാണ് താരത്തിന്‍റെ കഴുത്തുളുക്കിയത്. ടീം ഫിസിയോ ഉടന്‍ തന്നെ ഓടിയെത്തി പരിശോധിച്ചെങ്കിലും കഴുത്ത് ചലിപ്പിക്കാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് സ്ട്രെച്ചറില്‍ താരത്തെ അതിവേഗം വുഡ്ലാന്‍ഡ്സ് ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ സൂക്ഷ്മനിരീക്ഷണത്തിലാണ് താരം. കഴുത്തില്‍ കോളറിട്ടിട്ടുണ്ട്.
അതേസമയം, ഉറക്കത്തിനിടെ സംഭവിച്ച പ്രശ്നമാകാമെന്നും സമ്മര്‍ദമല്ല കാരണമെന്നും മോണ്‍മോര്‍ക്കല്‍ പറഞ്ഞു. എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ ഗില്ലിന് മേല്‍ സമ്മര്‍ദമുണ്ടെന്നും ഇതാണ് പരുക്കിനും ഫോമിലേക്ക് ഉയരാത്തിനും കാരണമെന്നുമുള്ള വിമര്‍ശനങ്ങളും മോര്‍ക്കല്‍ തള്ളി. ഗില്‍ മികച്ച ശാരീരികക്ഷമതയുള്ള ആളാണെന്നും പരുക്കേറ്റത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗില്ലിന് കഴുത്തില്‍ പേശീവലിവ് അനുഭവപ്പെട്ടിട്ടുണ്ടെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ അഭിപ്രായവും ഗില്ലിന്‍റെ പുരോഗതിയും കണക്കിലെടുത്താകും തുടര്‍ന്നുള്ള മല്‍സരത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും ബിസിസിഐ വ്യക്തമാക്കി.
ശ്വാസംവിടാന്‍ പോലും നേരമില്ലാതെയാണ് ഗില്‍ കളിക്കുന്നതെന്ന വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്നാണ് കണക്കുകളും വ്യക്തമാക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ ട്വന്‍റി20യ്ക്കായി ഗില്‍ ഓസ്ട്രേലിയയിലെത്തി. കഴിഞ്ഞയാഴ്ചയാണ് താരം ബ്രിസ്ബേനില്‍നിന്നും മടങ്ങിയെത്തിയത്. വൈകാതെ കൊല്‍ക്കത്തയില്‍ ടീമിനൊപ്പം ചേരുകയും ചെയ്തു.
കളിയുടെ 35–ാം ഓവറില്‍ വാഷിങ്ടണ്‍ സുന്ദര്‍ പുറത്തായതിന് പിന്നാലെ സ്വീപ് ഷോട്ടിന് ശ്രമിക്കവേയാണ് ഗില്ലിന് പരുക്കേറ്റത്. വേദനകൊണ്ട് കഴുത്തില്‍ ഗില്‍ അമര്‍ത്തിപ്പിടിച്ചു. പിന്നാലെ ക്രീസ് വിടുകയും ചെയ്തു. ക്യാപ്റ്റന്‍ പരുക്കേറ്റ് ആശുപത്രിയിലായതോടെ ടീമാകെ സമ്മര്‍ദത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ദിനം നാലുവിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ധ്രുവ് ജുറേലും രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. ടോസ് നേടിയ ദക്ഷിണാഫ്രിക്ക നേരത്തെ ബാറ്റിങ് തിരഞ്ഞെടുത്തിരുന്നു. ഓപ്പണര്‍മാരായ മാര്‍ക്രവും റിക്കല്‍റ്റനും മികച്ച അടിത്തറയിട്ടു. അഞ്ച് ഫോറും ഒരു സിക്സും ഉള്‍പ്പടെ 48 പന്തില്‍ നിന്ന് 31 റണ്‍സാണ് മാര്‍ക്രം നേടിയത്. 22 പന്തില്‍ നിന്ന് 23 റണ്‍സ് റിക്കല്‍റ്റനുമെടുത്തു. 27 ന് അഞ്ച് വിക്കറ്റെടുത്ത് ബുംറയാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി.