Image credit: AFP(Left), AFP (Right)
83 ഇന്നിങ്സുകളിലെ സെഞ്ചറി വരള്‍ച്ച അവസാനിപ്പിച്ച് ബാബര്‍ അസം ഒടുവില്‍ അത് നേടി. നീണ്ട 807 ദിവസങ്ങള്‍ക്കൊടുവില്‍ ശ്രീലങ്കയ്ക്കെതിരെയാണ് താരം സെഞ്ചറിയോടെ ഫോമിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കിയത്. ആഘോഷം പക്ഷേ ലേശം പുലിവാല് പിടിച്ചു. ആയിരത്തിലേറെ ദിവസത്തിന് ശേഷമുള്ള സെഞ്ചറി കോലി ആഘോഷമാക്കിയത് അതുപോലെ അനുകരിച്ചാണ് അസം ആരാധകരുടെ തല്ല് സോഷ്യല്‍ മീഡിയയില്‍ വാങ്ങിക്കൂട്ടിയത്. ഈ സമയവും കടന്നുപോകുമെന്നും താരം കുറിച്ചിരുന്നു.
അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി20യിലാണ് മൂന്ന് വര്‍ഷത്തിനടുപ്പിച്ച കാലത്തിന് ശേഷം കോലി സെഞ്ചറി നേടിയത്. സെഞ്ചറിക്ക് പിന്നാലെ ഡ്രസിങ് റൂമിലേക്ക് നോക്കി നിന്ന് രണ്ട് കൈകളും വിരിച്ച് പിടിച്ച് ചിരിച്ചായിരുന്നു കോലിയുടെ ആഘോഷം. പിന്നാലെ അനുഷ്കയെ നോക്കി ലോക്കറ്റില്‍ ചുംബിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കിപ്പുറം കോലി ട്വന്‍റി20യില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിരമിച്ചുവെങ്കിലും ആഘോഷത്തെ വീണ്ടും ഓര്‍മിപ്പിക്കുകയാണ് ബാബര്‍ അസം. കോലി കടന്നുപോയ അവസ്ഥയിലൂടെയാണ് ഏറെക്കുറെ താനും കടന്നുപോയതെന്ന് പറയാതെ പറയുകയായിരുന്നു താരം. റാവല്‍പിണ്ടിയില്‍ ശ്രീലങ്ക പടുത്തുയര്‍ത്തിയ 289 റണ്‍സ് മറികടക്കാന്‍ മാസ്മരിക ഇന്നിങ്സാണ് മുന്‍ക്യാപ്റ്റന്‍ ടീമിന് നല്‍കിയത്. ബാബര്‍,ബാബര്‍ എന്നാര്‍ത്ത് വിളിച്ച കാണികളെയും ഡ്രസിങ് റൂമിലേക്കും നോക്കി കോലിയുടെ പുഞ്ചിരിയും ആഘോഷവും കോപ്പിയടിച്ച അസം, കോലി ചെയ്യുമ്പോലെ തന്‍റെ ലോക്കറ്റില്‍ ചുംബിക്കാനും മറന്നില്ല.
കോലി ഫാന്‍സിന് എന്തായാലും ബാബര്‍ അസമിന്റെ ആഘോഷം ഒട്ടും പിടിച്ചില്ല. കോപ്പിയടി ഒരു കലാരൂപമാണെങ്കില്‍ അതിലെ പിക്കാസോയാണ് ബാബര്‍ അസമെന്നായിരുന്നു ഒരാളുടെ പരിഹാസം. എന്നാല്‍ വല്ലാതെ പരിഹസിക്കേണ്ടെന്നും 2022 ല്‍ കോലി തന്നെ ബാബര്‍ അസത്തെ പ്രശംസിച്ചിട്ടുണ്ടെന്നും അസമിന്‍റെ ആരാധകരും ചൂണ്ടിക്കാട്ടുന്നു. 2023ലെ ഏഷ്യാക്കപ്പില്‍ നേപ്പാളിനെതിരെയായിരുന്നു ബാബര്‍ അസമിന്റെ അവസാന സെഞ്ചറി. ശ്രീലങ്കയ്ക്കെതിരായ സെഞ്ചറിയോടെ പാക്കിസ്ഥാന് വേണ്ടി പാക് മണ്ണില്‍ ഏറ്റവുമധികം സെഞ്ചറി (8) നേടിയ താരവും ബാബര്‍ അസമായി. താരത്തിന്‍റെ ഏകദിന കരിയറിലെ 20–ാം സെഞ്ചറിയാണിത്.
'എല്ലാത്തിലും ഉപരിയായി എന്‍റെ കഠിനാധ്വാനത്തിലും എന്നിലും ഉറച്ച് വിശ്വസിക്കാന്‍ ഞാന്‍ ശ്രമിച്ചു. പലപ്പോഴും നല്ല തുടക്കം ലഭിച്ചില്ല, ചിലപ്പോഴൊക്കെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ല. മോശം സമയത്താണ് പലപ്പോഴും പുറത്തായത്. എന്‍റെ ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ ഞാന്‍ ശ്രമിച്ചു'. നേട്ടത്തില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ 2–0ത്തിന് പാക്കിസ്ഥാന്‍ മുന്നിലാണ്. ശ്രീലങ്കയ്ക്കെതിരായി തുടര്‍ച്ചയായ നാലാം ഏകദിന പരമ്പര ജയമാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്.