Image credit: facebook/Joshhazlewood
ഓസ്ട്രേലിയയ്ക്കെതിരായ മല്‍സരത്തിനിടെ പരുക്കേറ്റ് ചികില്‍സയിലുള്ള ശ്രേയസ് അയ്യര്‍ സുഖം പ്രാപിച്ച് വരുന്നുവെന്ന് ബിസിസിഐ. ഐസിയുവില്‍ നിന്ന് ഇന്നലെ താരത്തെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. പ്ലീഹയ്ക്ക് ഗുരുതരമായി പരുക്കേറ്റ താരത്തിന് ആന്തരീക രക്തസ്രാവം ഉണ്ടായിരുന്നു. സര്‍ജറി വേണ്ടിവരുമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും വേണ്ടി വന്നില്ലെന്നും പകരം പ്രത്യേക ചികില്‍സ ചെയ്തതോടെ വേഗത്തില്‍ താരം സുഖപ്പെടുന്നുവെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സാക്കിയ പറഞ്ഞു. ഡോക്ടര്‍മാര്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ശ്രേയസിന്‍റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും പരുക്ക് കൃത്യസമയത്ത് കണ്ടെത്താനും ആന്തരീക രക്തസ്രാവം തടയാനും കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആറാഴ്ചയാണ് സാധാരണയായി ഡോക്ടര്‍മാര്‍ നിശ്ചയിക്കുന്ന സമയമെങ്കിലും ശ്രേയസ് അതിനും മുന്‍പ് സാധാരണനിലയിലേക്ക് വരുമെന്നും സാക്കിയ വ്യക്തമാക്കി. 'ശ്രേയസിന്‍റെ ആരോഗ്യനില വളരെയേറെ മെച്ചപ്പെട്ടു. ഡോക്ടര്‍മാരെപ്പോലും അമ്പരപ്പിക്കുന്ന രീതിയില്‍ താരം സുഖം പ്രാപിക്കുന്നു. സിഡ്നിയിലെ ആശുപത്രിയില്‍ ശ്രേയസിനൊപ്പം ഡോക്ടര്‍ റിസ്വാന്‍ ഖാനുണ്ട്. അദ്ദേഹവുമായി നിരന്തരം ബന്ധപ്പെടുന്നു. ഇത്തരത്തിലുള്ള പരുക്കുകള്‍ക്ക് സാധാരണയായി ആറു മുതല്‍ എട്ടാഴ്ച വരെ സമയം സുഖപ്പെടാനെടുക്കാറുണ്ട്. പക്ഷേ ശ്രേയസിന്‍റെ കാര്യത്തില്‍ അദ്ഭുതങ്ങള്‍ പ്രതീക്ഷിക്കാം'- അദ്ദേഹം വിശദീകരിച്ചു.
അതീവ ഗുരുതരമായിരുന്നു താരത്തിനേറ്റ പരുക്ക്. എന്നാല്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ശരീരം സാധാരണനിലയില്‍ പ്രവര്‍ത്തിക്കുന്നു. ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി. നടക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം താരത്തിന് ഇപ്പോള്‍ കഴിയുന്നുണ്ടെന്നും സാക്കിയ കൂട്ടിച്ചേര്‍ത്തു. ഇന്നലെയെടുത്ത സ്കാനിലും പുരോഗതി പ്രകടമായിരുന്നുവെന്ന് ആശുപത്രി അധികൃതരും അറിയിച്ചു. സിഡ്നിയിലെ സെന്‍റ്.വിന്‍സെന്‍റ് ആശുപത്രിയിലാണ് നിലവില്‍ താരമുള്ളത്. മുംബൈയില്‍ നിന്നും ശ്രേയസിന്‍റെ സഹോദരി ശ്രേഷ്ഠ സിഡ്നിയിലേക്ക്തിരിച്ചിട്ടുണ്ട്.
30കാരനായ ശ്രേയസ് അയ്യര്‍ ഈ വര്‍ഷം 11 ഏകദിനങ്ങളാണ് രാജ്യത്തിനായി കളിച്ചത്. ഇതില്‍ നിന്ന് 496 റണ്‍സും താരം നേടി. ഒരാഴ്ചയെങ്കിലും സൂക്ഷ്മനിരീക്ഷണത്തില്‍ താരം തുടരും. നവംബര്‍ 30ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പര താരത്തിന് നഷ്ടമായേക്കാനാണ് സാധ്യത.