Image Credit: X/ShahJahanba56
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ക്യാപ്റ്റനായി ചുമതലയേറ്റ മുഹമ്മദ് റിസ്വാനെ മാറ്റി തിങ്കളാഴ്ചയാണ് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് പുതിയ ഏകദിന ക്യാപ്റ്റനെ നിയമിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സമാനായ റിസ്വാന് പകരം പേസര്‍ ഷഹീന്‍ അഫ്രിദിയാണ് പുതിയ ക്യാപ്റ്റന്‍. ഒരു വര്‍ഷത്തിനുള്ളില്‍ ക്യാപ്റ്റനെ മാറ്റിയതിന് പിന്നില്‍ പല കാരണങ്ങളാണ് പ്രചരിക്കുന്നത്.
ബെറ്റിങ് കമ്പനികളെ പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്ന കാരണത്താലാണ് റിസ്വാന് സ്ഥാന ചലനമെന്നാണ് ഒരു റിപ്പോര്‍ട്ട്. ഡ്രസ്സിംഗ് റൂമിലേക്ക് മതപരമായ ആചാരങ്ങള്‍ കൊണ്ടുവന്നെന്നും ഇത് കോച്ചിന് ഇഷ്ടപ്പെട്ടില്ലെന്നും മുന്‍ പാക്ക് ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ് ആരോപിക്കുന്നു. വാതുവെപ്പ് കമ്പനികളെ പിന്തുണയ്ക്കില്ലെന്ന് റിസ്വാന്‍ പിസിബിയെ അറിയിച്ചിരുന്നു. ഇതാണ് ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കിയതിന് പിന്നിലെ പ്രധാന കാരണം എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാതുവെപ്പ് കമ്പനികളുമായി പാക്ക് ക്രിക്കറ്റ് ബോര്‍ഡ് അടുക്കുന്നതിനെ റിസ്വാന്‍ എതിര്‍ത്തിരുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനിടെ വാതുവെപ്പ് കമ്പനിയുടെ ലോഗോയുള്ള ജഴ്സി ധരിക്കാന്‍ താരം വിസമ്മതിച്ചിരുന്നു. മെയിന്‍ സ്പോണ്‍സറുടെ ലോഗോ ഇല്ലാത്ത ജഴ്സിയായിരുന്നു റിസ്വാന്‍ ധരിച്ചത്.
മറ്റൊരു കാരണമായി പറയുന്നത് റിസ്വാന്‍റെ പലസ്തീന്‍ അനുകൂല നിലപാടുകളാണ്. പലസ്തീനു വേണ്ടി സംസാരിച്ചതിനാണ് റിസ്വാനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കിയതെന്ന് മുന്‍ പാക്ക് ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ് പറഞ്ഞു. പലസ്തീൻ പതാക ഉയർത്തിയതിന് ക്യാപ്റ്റനെ പുറത്താക്കുമെന്നും ഇസ്‍ലാമിക രാജ്യത്ത് ഇസ്‍ലാമികമല്ലാത്ത ക്യാപ്റ്റൻ വരണമെന്ന മാനസികാവസ്ഥ വന്നിരിക്കുന്നുവെന്നും റാഷിദ് ലത്തീഫ് പറഞ്ഞു. റിസ്വാന്‍ ഡ്രസ്സിംഗ് റൂമിലേക്ക് മതപരമായ ആചാരങ്ങള്‍ കൊണ്ടുവന്നുവെന്നും അത് കോച്ചിന് ഇഷ്ടമായില്ലെന്നും ലത്തീഫ് വീഡിയോയില്‍ അവകാശപ്പെട്ടു.
'ഈ തീരുമാനത്തിന് പിന്നില്‍ മൈക്ക് ഹെസ്സണ്‍ ആണ്, അല്ലേ? ഡ്രസ്സിംഗ് റൂമില്‍ ഈ സംസ്കാരം ഇഷ്ടപ്പെടുന്ന ആളല്ല അദ്ദേഹം. അവര്‍ക്ക് ഇത് മനസ്സിലാകാത്തത് എന്തുകൊണ്ട്? 5-6 പേരുടെ ഒരു ടീമുണ്ട് അദ്ദേഹത്തിന്. ഡ്രസ്സിംഗ് റൂമില്‍ അത്തരമൊരു സംസ്കാരം അവസാനിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിക്കും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാട്ടില്‍ നടക്കുന്ന മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയിലാണ് ഷഹീന്‍റെ നായകനായുള്ള അരങ്ങേറ്റം.