Image Credit: X

Image Credit: X

ഏഷ്യാകപ്പ് ട്വന്‍റി 20യിലെ തോല്‍വിയുടെ ക്ഷീണം ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയെ ശിക്ഷിച്ച് തീര്‍ക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ്. ട്വന്‍റി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ആഗയെ നീക്കി പകരം ഓള്‍റൗണ്ടറായ ഷദാബ് ഖാനെ നിയമിക്കാനാണ് പിസിബിയുടെ നീക്കം. തുടര്‍ച്ചയായ മൂന്ന് വട്ടമാണ് പാക്കിസ്ഥാന്‍ ഇന്ത്യയോട് തോറ്റത്. ഇന്ത്യയിലും ശ്രീലങ്കയിലുമായി അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പിന് മുന്നോടിയായി ടീമിനെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് പാക്കിസ്ഥാന്‍റെ വിശദീകരണം.  

shadab-khan-pcb

ക്യാപ്റ്റനെന്ന നിലയില്‍ ആഗ കൈക്കൊണ്ട തീരുമാനങ്ങള്‍ ടൂര്‍ണമെന്‍റിലുടനീളം വിമര്‍ശിക്കപ്പെട്ടു.  ചിരവൈരികളായ ഇന്ത്യയോടേറ്റ തോല്‍വി ആഗയുടെ നില കൂടുതല്‍ പരുങ്ങലിലുമാക്കി. വ്യക്തിഗത പ്രകടനവും പരിതാപകരമായിരുന്നു. ഏഴ് മല്‍സരങ്ങളില്‍ നിന്നായി 72 റണ്‍സ് മാത്രമാണ് താരം സ്കോര്‍ ചെയ്തത്. 

തോളിനേറ്റ പരുക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുകയാണ് ഷദാബ് ഇപ്പോള്‍. അടുത്തമാസത്തോടെ താരം പൂര്‍ണ ആരോഗ്യവാനായി കളിക്കളത്തില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ . അപ്പോള്‍  തീരുമാനം  നടപ്പിലാക്കാണ്  പിസിബി ലക്ഷ്യമിടുന്നത്. രാജ്യാന്തര ക്രിക്കറ്റിലെ ഷദാബിന്‍റെ പരിചയ സമ്പത്ത് പ്രയോജനപ്പെടുത്താമെന്നാണ് പിസിബിയുടെ കണക്കുകൂട്ടല്‍. 112 ട്വന്‍റി20കളിലാണ് ഷദാബ് ഇതുവരെ പാക്കിസ്ഥാനായി കളിച്ചിട്ടുള്ളത്. വൈസ് ക്യാപ്റ്റനെന്ന നിലയിലും പരിചയ സമ്പന്നനാണ് താരം.

വെറും 15 ദിവസത്തെ ഇടവേളയിലാണ്  മൂന്ന് വട്ടം  പാക്കിസ്ഥാന്‍ ഇന്ത്യയോട് തോറ്റമ്പിയത്.സെപ്റ്റംബര്‍ 14ന് ഗ്രൂപ്പ് മല്‍സരത്തില്‍ ആദ്യ തോല്‍വി, സെപ്റ്റംബര്‍ 21ന് സൂപ്പര്‍ ഫോറില്‍ രണ്ടാമതും സെപ്റ്റംബര്‍ 28ന് ഫൈനലില്‍ മൂന്നാമതും. പാക്കിസ്ഥാന്‍റെ എല്ലാ ദൗര്‍ബല്യങ്ങളും വെളിവാക്കുന്നതായിരുന്നു ഫൈനല്‍. ഒരു വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെന്ന മികച്ച നിലയില്‍ നിന്ന് 33 റണ്‍സെടുക്കുന്നതിനിടെ പാക്കിസ്ഥാന് ഒന്‍പത് വിക്കറ്റും നഷ്ടമാകുകയായിരുന്നു. 30 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് ഫൈനലില്‍ കുല്‍ദീപ് വീഴ്ത്തിയത്. തിലക് വര്‍മയുടെ കരുത്തുറ്റ 69 റണ്‍സാണ് ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് ജയം സമ്മാനിച്ചത്.

ENGLISH SUMMARY:

Pakistan cricket captaincy changes are occurring after the Asia Cup T20 loss. Salman Ali Agha is being replaced by Shadab Khan following Pakistan's defeats against India and ahead of the upcoming T20 World Cup.