രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കെതിരെ  കേരളത്തിന്  മിന്നും തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തുടങ്ങിയ മഹാരാഷ്ട്രയ്ക്ക് 32 റണ്‍സെടുക്കുന്നതിനിടെ  അഞ്ച് വിക്കറ്റ് നഷ്ടമായി. സ്കോര്‍ബോര്‍ഡ് തുറക്കുന്നതിന് മുമ്പ്  ഒപ്പണര്‍മാരടക്കം   മൂന്നു മുന്‍നിര ബാറ്റര്‍മാര്‍ പവലിയനിലെത്തി. ഇതിനിടെ ലഭിച്ച ഒരു എക്സ്ട്രാ റണ്ണാണ് സ്കോര്‍ബോര്‍ഡ് തുറന്നത്.  ആദ്യ നാല് ബാറ്റ്സ്മാന്‍മാരും പൂജ്യത്തിന് പുറത്തായ ശേഷമെത്തിയ  സൗരഭ് നവാലെ മാത്രമാണ് രണ്ടക്കം കണ്ടത്. പക്ഷേ അതും അധികം നീണ്ടില്ല. 12റണ്‍സിന് സൗരഭും പുറത്തായി .. എം.ഡി നിധീഷ് മൂന്ന് വിക്കറ്റും ബേസില്‍ രണ്ട് വിക്കറ്റും നേടി. 

ആദ്യ മൂന്ന് ഓവറില്‍ കേരളം തുടരെ വിക്കറ്റെടുത്തു. എം.ഡി നിധീഷ് എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തില്‍ പൃഥി ഷാ പുറത്തായി. അഞ്ചാം പന്തില്‍ സിന്ദേശ് വീറിനെ ക്യാപ്റ്റന്‍ അസറുദ്ദീന്‍ ക്യാച്ചെടുത്ത് പുറത്താക്കി. അടുത്ത ഓവറില്‍ ബേസിലിന്‍റെ ആദ്യ പന്തില്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ രോഹന്‍ കുന്നുമ്മല്‍ ക്യാച്ചെടുത്ത് പുറത്താക്കി. നിധീഷിന്‍റെ അടുത്ത ഓവറില്‍ മഹാരാഷ്ട്ര ക്യാപ്റ്റന്‍ അങ്കിത് ബാവ്‍നെ ബേസിലിന്‍റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. സ്കോറിങ് ഉയര്‍ത്തിയ സൗരഭ് നവാലെ(12) നിധീഷ് എല്‍ബിഡബ്ലുവാക്കി. നിലവില്‍ ഋതുരാജ് ഗെയ്ക് വാദും ജലജ് സക്സേനയുമാണ ്ക്രീസില്‍. 

ക്യാപ്റ്റനായി മുഹമ്മദ് അസറുദ്ദീന്‍റെ ആദ്യ മല്‍സരമാണിത് . കേരളത്തിനായി സഞ്ജു സാംസണും കളിക്കുന്നുണ്ട്. കേരള ടീം ഇങ്ങനെ: മുഹമ്മദ് അസ്ഹറുദ്ദീൻ, ബാബ അപരാജിത്ത്, സഞ്ജു സാംസൺ, സച്ചിൻ ബേബി, എം.ഡി നിധീഷ്, അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, അങ്കിത് ശർമ്മ, ഈഡൻ ആപ്പിൾ ടോം, നെടുമൺകുഴി ബേസിൽ, സൽമാൻ നിസാർ.

ENGLISH SUMMARY:

Kerala had a sensational start against Maharashtra in the Ranji Trophy, reducing them to 32/5. MD Nidhish (3 wickets) and Basil (2 wickets) led the collapse, dismissing Maharashtra's openers and three top-order batters for ducks. Saurabh Nawale (12) was the only one to reach double digits.