Image Credit: AP Photo/Manish Swarup

ഇന്ത്യന്‍ ടീമിന്‍റെ നായകനാവണമെന്ന മോഹം തനിക്ക് ഇപ്പോഴില്ലെന്നും ആ കാലമൊക്കെ കഴിഞ്ഞു പോയെന്നും രവീന്ദ്ര ജഡേജ. അതേക്കുറിച്ച് താന്‍ ഇപ്പോള്‍ ചിന്തിക്കാറുപോലുമില്ലെന്നും താരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ടീമിനെ എങ്ങനെ സഹായിക്കാം എന്നതില്‍ മാത്രമാണ് ഇപ്പോള്‍ എന്‍റെ ശ്രദ്ധ. കുല്‍ദീപ് വന്ന് ബോളിങിനെ കുറിച്ച് ചോദിച്ചാല്‍ ഞാന്‍ അഭിപ്രായം പറയും. ചിലപ്പോഴൊക്കെ ജയ്സ്വാള്‍ വരും. അങ്ങനെ ആരുവന്നാലും ഞാന്‍  എനിക്ക് എന്താണോ തോന്നിയത് അക്കാര്യം പറയും. അല്ലാതെ ക്യാപ്റ്റന്‍സിയോ വൈസ് ക്യാപ്റ്റന്‍സിയോ ഒന്നും ചിന്തയില്‍ പോലും വരാറില്ല. കളിക്കുക, ഏറ്റവും മികച്ചതായി കളിക്കുക അതുമാത്രമാണ് ലക്ഷ്യം'- താരം വിശദീകരിച്ചു. 

രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഏറ്റവുമധികം ഉയര്‍ന്നുകേട്ട പേരുകളിലൊന്ന് രവീന്ദ്ര ജഡേജയുടേതായിരുന്നു. ടീമിലുണ്ടായിരുന്ന ഏറ്റവും പരിചയസമ്പന്നനായ കളിക്കാരനെന്ന നിലയില്‍ അടുത്ത രണ്ടുവര്‍ഷത്തേക്ക് ജഡേജയെ ക്യാപ്റ്റനായി നിയമിക്കണമെന്ന് ആര്‍. അശ്വിനടക്കമുള്ളവര്‍ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അഞ്ചുമാസങ്ങള്‍ക്കിപ്പുറം വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ജഡേജ വൈസ് ക്യാപ്റ്റനുമായി. 

വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ 37 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. 518/5 എന്ന കൂറ്റന്‍ സ്കോര്‍ ആണ് ഇന്ത്യ അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിങിനിറങ്ങിയ വെസ്റ്റിന്‍ഡീസിനാവട്ടെ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 217/8 എന്ന നിലയിലാണ്. 

ENGLISH SUMMARY:

Ravindra Jadeja focuses on contributing to the team rather than seeking captaincy. His aim is to play and perform to the best of his ability, assisting teammates whenever possible without considering captaincy roles.