ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വി വനിതാക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയായി. ടൂർണമെന്റിൽ ശ്രീലങ്കയ്ക്കും പാക്കിസ്ഥാനുമെതിരെ ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ശേഷമായിരുന്നു ഈ തോൽവി. തോൽവിയോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി നിലവിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി 5 പോയിന്റുള്ള ഓസ്ട്രേലിയ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് നാല് പോയിന്റ് തന്നെയുള്ള ഇംഗ്ലണ്ടാണ്. രണ്ട് മത്സരം മാത്രമാണ് ഇംഗ്ലണ്ട് കളിച്ചിട്ടുള്ളത്.
8 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങൾ ഇന്ത്യക്ക് നിർണായകമാകും. സെമി ഫൈനലിൽ സ്ഥാനം ഉറപ്പാക്കാൻ ടീമിന് ശേഷിക്കുന്ന നാല് മത്സരങ്ങളിൽ കുറഞ്ഞത് മൂന്നെണ്ണത്തിലെങ്കിലും വിജയം നേടേണ്ടതുണ്ട്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലാൻഡ് എന്നീ ടീമുകളോടാണ് മത്സരിക്കേണ്ടത്. മൂന്നെണ്ണത്തില്‍ ജയിക്കാനായില്ലെങ്കില്‍ മറ്റ് ടീമുകളുടെ മത്സരഫലം കൂടി ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ മുന്നോട്ടുള്ള പോക്ക്. പോയിന്റ് പട്ടികയില്‍ ആദ്യ നാല് സ്ഥാനത്ത് എത്തുന്ന ടീമുകള്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടും.
ഇന്നലത്തെ ത്രില്ലര്‍ പോരില്‍ ദക്ഷിണാഫ്രിക്കയോട് മൂന്നുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യയുയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം ഏഴുപന്ത് ശേഷിക്കെ മറികടന്നു. 81 റണ്‍സെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടമായ ശേഷമാണ് ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവ്.