അവസാന ഓവര്‍ വരെ ആവേശമുറ്റിയ ത്രില്ലര്‍ പോരില്‍ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ വിജയതിലകമണിഞ്ഞെങ്കിലും അവസാനിക്കാത്ത നാടകീയതകള്‍ക്കാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയായത്. മല്‍സരത്തിന് ശേഷം ഗ്രൗണ്ടില്‍ ഇന്ത്യ തങ്ങളുടെ ജയം ആഘോഷിക്കുമ്പോള്‍ സല്‍മാന്‍ അലി ആഗയുടെ നേതൃത്വത്തിലുള്ള പാക് ടീം നേരെ ചെന്നത് ഡ്രസ്സിങ് റൂമിലേക്കാണ്. പിന്നെ മുറി പൂട്ടി അകത്തിരിപ്പായി. പാക് ടീമിന്‍റെ തിരിച്ചുവരവും കാത്തിരിപ്പായി എല്ലാവരും. ഇതോടെ മല്‍സരം അവസാനിച്ച് പിന്നെയും ഒരുമണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു സമ്മാനദാന ചടങ്ങ് തുടങ്ങാന്‍.
ഏഷ്യ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും പാക്കിസ്ഥാന്‍ മന്ത്രിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി.) ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വി സമ്മാനദാന ചടങ്ങില്‍ എത്തിയതോടെ ചടങ്ങില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങി. നഖ്‌വിയിൽ നിന്ന് ഏഷ്യാ കപ്പ് വാങ്ങാൻ ഇന്ത്യ വിസമ്മതിക്കുകയായിരുന്നു. പാക്കിസ്ഥാനിൽ മന്ത്രി എന്ന നിലയിലും നഖ്‌വിയുടെ പ്രകോപനപരമായ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പശ്ചാത്തലത്തിലും ഇന്ത്യ സമ്മാനദാന ചടങ്ങ് ബഹിഷ്കരിച്ചേക്കാമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഇന്ത്യയുടെ നിലപാട് വ്യക്തമായതോടെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. നഖ്‌വി ഗ്രൗണ്ടിലേക്ക് എത്തിയതോടെ ഗാലറിയില്‍ നിന്നും ‘ഭാരത് മാതാ കീ ജയ്’ വിളികള്‍ ഉയര്‍ന്നു. പാക്കിസ്ഥാൻ കളിക്കാരെ, പ്രത്യേകിച്ചും ഹാരിസ് റൗഫിനെയും ഷഹീൻ ഷാ അഫ്രീദിയെയും ഇന്ത്യൻ ആരാധകർ കൂക്കിവിളിച്ചു. നഖ്‌വിക്കൊപ്പം വേദി പങ്കിട്ട എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് വൈസ് ചെയർമാൻ ഖാലിദ് അൽ സറൂണിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ തയ്യാറാണെന്ന് ഇന്ത്യ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാൽ, നഖ്‌വി ഇത് അനുവദിച്ചില്ല. ഏഷ്യാ കപ്പ് ട്രോഫി എടുത്തുകൊണ്ടുപോകാന്‍ നഖ്‌വി നിര്‍ദേശിക്കുകയായിരുന്നു.
പാകിസ്ഥാൻ ടീമിന് റണ്ണേഴ്‌സ് അപ്പ് മെഡലുകൾ കൈമാറാന്‍ നഖ്‌വിയെ ക്ഷണിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചു. പകരം, ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് അമിനുൾ ഇസ്‌ലാം മെഡലുകള്‍ നല്‍കി. അതേസമയം, പാക് ക്യാപ്റ്റന്‍ സൽമാൻ അലി ആഗയ്ക്ക് റണ്ണേഴ്‌സ് അപ്പ് ചെക്ക് നഖ്‌വി തന്നെ കൈമാറി. എന്നാല്‍ റണ്ണേഴ്സ് അപ്പിനുള്ള സമ്മാനത്തുകയുടെ ചെക്ക് ഗ്രൗണ്ടിലേക്ക് എറിഞ്ഞാണ് സൽമാൻ അലി ആഗ പ്രതികരണത്തിനായി കമന്റേറ്റര്‍ക്കടുത്തേക്ക് എത്തിയത്. വ്യക്തിഗത മെഡലുകള്‍ ഇന്ത്യന്‍ ടീം സ്വീകരിച്ചിരുന്നു. മറ്റ് മെഡലുകളോ ട്രോഫിയെ ടീം ഏറ്റുവാങ്ങുന്നില്ലെന്ന് എസിസി അറിയിച്ചതായി കമന്റേറ്റര്‍ അറിയിച്ചതോടെ ചടങ്ങുകള്‍ അവസാനിച്ചു. പിന്നാലെ നഖ്‌വി ഉൾപ്പെടെ എല്ലാ എ.സി.സി ഉദ്യോഗസ്ഥരും സ്റ്റേഡിയം വിട്ടു.
ഇന്ത്യന്‍ ടീമിനായി ചാമ്പ്യൻസ് പ്ലക്കാർഡ് ഗ്രൗണ്ട്സ്മാൻമാർ രണ്ടുതവണ ഗ്രൗണ്ടിലേക്ക് കൊണ്ടുവരികയും തിരിച്ചുകൊണ്ടുപോകുകയും ചെയ്തു. ഹാർദിക് പാണ്ഡ്യയാണ് ആദ്യം പോഡിയത്തിലെത്തിയത്. പിന്നാലെ ഒരു സെല്‍ഫി. തുടർന്ന് ടീമിലെ മറ്റുള്ളവരും പരിശീലകരും എത്തി. 2024 ടി20 ലോകകപ്പിലെ രോഹിത് ശര്‍മ്മയുടെ ഐക്കണിക് നടത്തത്തെ അനുകരിച്ചാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവെത്തിയത്. പിന്നെ സാങ്കല്‍പിക കിരീടം ഉയര്‍ത്തി ഇന്ത്യ ഫോട്ടോയ്ക്ക് പോസ് ചെയ്തു.
മല്‍സരത്തിനു ശേഷം ട്രോഫി തടഞ്ഞുവച്ചതിനെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വിമര്‍ശിച്ചു. ‘ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയതിനുശേഷം ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കാര്യമാണിത്, ഒരു ചാമ്പ്യൻ ടീമിന് ട്രോഫി നിഷേധിക്കപ്പെടുന്നു, അതും കഷ്ടപ്പെട്ട് നേടിയെടുത്ത ഒന്ന്. അതത്ര എളുപ്പമുള്ള കാര്യമല്ല. രണ്ട് ദിവസത്തിനുള്ളിൽ ഞങ്ങൾ തുടർച്ചയായി രണ്ട് മികച്ച മത്സരങ്ങളാണ് കളിച്ചത്, ഞങ്ങൾ അത് അർഹിക്കുന്നുണ്ട്’ അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ത്യയുടെ നിലപാടിനെ വിമര്‍ശിച്ച് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ രംഗത്തെത്തി. ‘മൊഹ്‌സിൻ നഖ്‌വി എസിസി പ്രസിഡന്റാണെങ്കിൽ, അദ്ദേഹം മാത്രമേ ട്രോഫി നൽകൂ. നിങ്ങൾക്ക് അദ്ദേഹത്തിൽ നിന്ന് അത് സ്വീകരിക്കാന്‍ താൽപ്പര്യമില്ലെങ്കിൽ, നിങ്ങൾക്ക് എങ്ങനെ ട്രോഫി ലഭിക്കും?’ എന്നാണ് സല്‍മാന്‍ പ്രതികരിച്ചത്.
Team India poses for a photograph after winning the Asia Cup cricket final against Pakistan at Dubai International Cricket Stadium, United Arab Emirates, Sunday, Sept. 28, 2025. (AP Photo/Altaf Qadri)
അതേസമയം, ട്രോഫി വേദിയില്‍ നിന്ന് മാറ്റിയ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷൻ മൊഹ്സിൻ നഖ്‌വിക്കെതിരെ ബിസിസിഐ രംഗത്തെത്തി. ‘നമ്മുടെ രാജ്യവുമായി വിയോജിപ്പുള്ള ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്ന എസിസി ചെയർമാനിൽ നിന്ന് ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. അതായിരുന്നു ഞങ്ങളുടെ നിലപാട്. എന്നാൽ അത് ട്രോഫിയും മെഡലുകളും കൊണ്ടുപോകാന്‍ അദ്ദേഹത്തിന് അവകാശം നൽകുന്നില്ല. ഇത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. ട്രോഫിയും മെഡലുകളും എത്രയും വേഗം ഇന്ത്യയ്ക്ക് തിരികെ നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’ എന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു. നവംബറിൽ നടക്കുന്ന അടുത്ത ഐസിസി യോഗത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുമെന്ന് ബോർഡ് അറിയിച്ചിട്ടുണ്ട്.
Google Trending Topic: mohsin naqvi