ആരാധകര്‍ മുള്‍മുനയിലാണ്. അത്രവലുതാണ് ഈ പോരാട്ടം. കളിയാണ്,  യുദ്ധമെന്ന് വിശേഷിപ്പിക്കുന്നതില്‍ രണ്ടഭിപ്രായമുണ്ടെങ്കിലും ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടത്തെ ഇരുപക്ഷവും കാണുന്നത്  അങ്ങനെ തന്നെ. ഇന്ത്യ-പാക്കിസ്ഥാൻ മത്സരം. ഇത് കേവലമൊരു മാത്രമല്ല. ഒരോ പന്തിലും ഒരോ സെക്കന്‍ഡിലുമുണ്ട്  പണക്കിലുക്കം. 

ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മത്സരങ്ങളിൽ ഓരോ സെക്കൻഡിലും ലക്ഷങ്ങളാണ് ഒഴുകിയെത്തുന്നത്. മത്സരങ്ങളുടെ സംപ്രേക്ഷണാവകാശമുള്ള സോണി പിക്ചേഴ്സ്, 10 സെക്കൻഡ് പരസ്യത്തിന് 16 ലക്ഷം രൂപയാണ് ഈടാക്കുന്നത് എന്നാണ് വിവരം. അതായത് ഒരു മിനിറ്റ് പരസ്യം നൽകണമെങ്കിൽ കോടികൾ മുടക്കണം. ഫെബ്രുവരിയിൽ നടന്ന ഐസിസി ചാംപ്യൻസ് ട്രോഫിയിൽ, ഇന്ത്യൻ മത്സരങ്ങളുടെ പരസ്യ നിരക്ക് 10 സെക്കൻഡിന് 20 മുതൽ 25 ലക്ഷം രൂപ വരെയായിരുന്നു. എന്നാൽ ഇന്ത്യ-പാക് മത്സരത്തിന് ഇത് 50 ലക്ഷം രൂപയായി കുതിച്ചുയർന്നു. ഇതിനുമുമ്പ് 2023-ലെ ഏകദിന ലോകകപ്പിൽ, അഹമ്മദാബാദിൽ നടന്ന ഇന്ത്യ-പാക് മത്സരത്തിന് 10 സെക്കൻഡ് പരസ്യ സ്ലോട്ടിന് ഏകദേശം 30-40 ലക്ഷം രൂപയായിരുന്നു നിരക്ക്. 

എന്തുകൊണ്ടാണ് ഈ മത്സരത്തിന് മാത്രം ഇത്രയും ഡിമാൻഡ്? ഉത്തരം ലളിതമാണ്.  കാഴ്ചക്കാരുടെ എണ്ണം തന്നെ. 2023-ലെ ഇന്ത്യ-പാക് മത്സരം മാത്രം ടിവിയിൽ കണ്ടത് 17.3 കോടിയാളുകളാണ്. 2025-ലെ ചാമ്പ്യൻസ് ട്രോഫി ഈ റെക്കോർഡുകൾ തകർത്ത് 20.6 കോടിയായി. ഇത്രയധികം വരുമാനം നേടാൻ കഴിയുന്നതുകൊണ്ടാണ്, ഐസിസി ടൂർണമെന്‍റുകളുടെ സംപ്രേക്ഷണാവകാശം കോടികൾക്ക് വിൽക്കാൻ സാധിക്കുന്നത്. ഏഷ്യകപ്പിൽ17കോടി  ഡോളറിനാണ് സോണി സംപ്രേക്ഷണവകാശം  നേടിയത്. 

Image Credit: AFP

ഇതിനൊപ്പം സ്പോൺസർഷിപ്പ്, ടിക്കറ്റ് വിൽപന അടക്കം acc ക്ക് വരുമാനം ആണ്. ഈ വരുമാനത്തിൽ  15 ശതമാനം വീതം ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ തുടങ്ങിയ അംഗരാജ്യങ്ങളുമായി ഏഷ്യൻ ക്രിക്കറ്റ് ബോർഡ് പങ്കുവെക്കുന്നു. ഇന്ത്യ-പാക് മത്സരം നടന്നില്ലെങ്കിൽ ഈ വരുമാനത്തിന്റെ ഒഴുക്ക് നിലയ്ക്കും. ഇതാണ് രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കിടയിലും ഇരു ടീമുകളും പരസ്പരം കളിക്കുന്നതിന് പിന്നിലെ പ്രധാന കാരണം. ഒരു ഇന്ത്യ-പാക് മത്സരം നടന്നാൽ ടൂർണമെന്‍റിന്‍റെ പകുതി ചെലവും വഹിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. അതുകൊണ്ടാണ് ഐസിസി ടൂർണമെന്റുകളിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഇന്ത്യ-പാക് മത്സരം ഉറപ്പാക്കാൻ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ പലതവണ ഫോർമാറ്റുകൾ മാറ്റിയത്.

ഏഷ്യാ കപ്പിൽ ഇതുവരെ ഒരു ടൂർണമെന്റിൽ പരമാവധി രണ്ട് ഇന്ത്യ-പാക് മത്സരങ്ങൾ മാത്രമാണ് നടന്നിട്ടുള്ളത്. 1984 മുതൽ ഇരുവരും ഏറ്റുമുട്ടിയെങ്കിലും ഇതുവരെ ഫൈനലിൽ നേരിട്ട് കളിച്ചിട്ടില്ല. ഈ ആ ചരിത്രം കൂടി മാറുന്നതാണ്  ഇത്തവണത്തെ ഫൈനൽ.

ENGLISH SUMMARY: