ഇന്ത്യയ്ക്കെതിരെ ക്രിക്കറ്റ് മല്‍സരം ജയിക്കാന്‍ പാക്കിസ്ഥാന്‍ ആര്‍മി ചീഫ് അസിം മുനീര്‍ ഓപ്പണറായി ഇറങ്ങേണ്ടി വരുമെന്ന് മുന്‍ പാക് പ്രധാനമന്ത്രിയും ക്രിക്കറ്ററുമായ ഇമ്രാന്‍ ഖാന്‍. അസിം മുനീറിനൊപ്പം പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്‍വി കൂടി ബാറ്റിങിനിറങ്ങണമെന്നും അദ്ദേഹം പരിഹസിച്ചു. ഏഷ്യകപ്പില്‍ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍റെ തുടര്‍ച്ചയായ തോല്‍വിക്കിടെയാണ് ഇമ്രാന്‍റെ പരിഹാസം.
തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച ഇമ്രാന്‍റെ സഹോദരി അലീമ ഖാനാണ് ഇമ്രാന്‍റെ വാക്കുകള്‍ വിശദീകരിച്ചത്. 'ജനറല്‍ മുനിറും നഖ്‍വിയും ഓപ്പണര്‍മാരായി ഇറങ്ങണം. പാക്കിസ്ഥാന്‍റെ മുൻ ചീഫ് ജസ്റ്റിസ് ഖാസി ഫേസ് ഇസ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സിക്കന്ദർ സുൽത്താൻ രാജ എന്നിവർ അംപയർമാരാകണം. ഇസ്‍ലാമാബാദ് ഹൈക്കോടതി ജഡ്ജി സര്‍ഫ്രാസ് ദോഗറെ തേഡ് അംപയറാകാം. എങ്കില്‍ മാത്രമെ പാക്കിസ്ഥാന്‍ ഇനി ഇന്ത്യയ്ക്കെതിരെ ജയിക്കൂ' എന്നാണ് ഇമ്രാന്‍റെ പരിഹാസം.
പാക് ക്രിക്കറ്റ് ടീമിന്‍റെ നിലവിലെ പരാജയത്തിന് കാരണം പിസിബി തലവന്‍ നഖ്‍വിയാണെന്നും അദ്ദേഹത്തിന് കഴിവില്ലെന്നും സ്വജനപക്ഷപാതമാണ് നടക്കുന്നതെന്നും ഇമ്രാന്‍ വിമര്‍ശിച്ചു. 2024 പൊതുതിരഞ്ഞെടുപ്പിലെ വിധി അസിം മുനീര്‍ അട്ടിമറിക്കുകയാണ് എന്നാണ് ഇമ്രാന്‍റെ വാദം. മുന്‍ ചീഫ് ജസ്റ്റിസിന്‍റെയും തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും പിന്തുണയോടെയാണിതെന്നും ഇമ്രാന്‍ വാദിക്കുന്നു. പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇൻസാഫ് സ്ഥാപകനായ ഇമ്രാന്‍ 2023 ഓഗസ്റ്റ് മുതല്‍ വിവിധ കേസുകളില്‍ ജയിലിലാണ്.
അതേസമയം ഏഷ്യാകപ്പില്‍ ഇന്ത്യ–പാക് പോരാട്ടം ഒരിക്കല്‍ കൂടി നടക്കാനുള്ള സാധ്യതയുണ്ട്. സൂപ്പര്‍ ഫോറില്‍ അടുത്ത രണ്ട് മല്‍സരങ്ങളില്‍ ശ്രീലങ്കയെയും ബംഗ്ലദേശിനെയും പരാജയപ്പെടുത്തിയാല്‍ പാക്കിസ്ഥാന് ഇന്ത്യയ്ക്കൊപ്പം ഫൈനല്‍ കളിക്കാം. ഇന്ന് രാത്രി എട്ടിനാണ് ശ്രീലങ്കയ്ക്കെതിരായ പാക്കിസ്ഥാന്‍റെ രണ്ടാം സൂപ്പര്‍ ഫോര്‍ മല്‍സരം.