Image Credit: x.com/SonySportsNetwk

വിവാദങ്ങളുടെ വേദിയായിരുന്നു ഏഷ്യാകപ്പിലെ ഇന്ത്യ– പാക് മല്‍സരങ്ങളെല്ലാം. 'ഇന്ത്യന്‍ വിമാനം വീഴ്ത്തി'യെന്ന് ആംഗ്യത്തിലൂടെയുള്വ റൗഫിന്‍റെ പ്രകോപനവും സാഹിബ്സാദാ ഫര്‍ഹാന്‍റെ ബാറ്റ് 'തോക്കാക്കി' വെടിയുതിര്‍ക്കുന്ന ആംഗ്യവുമെല്ലാം വിവാദങ്ങളുടെ പരമ്പര തന്നെയാണ് സൃഷ്ടിച്ചത്. ഒടുവില്‍ പാക്കിസ്ഥാൻ പേസർ ഹാരിസ് റൗഫുമായി ഗ്രൗണ്ടില്‍ നടത്തിയ വാക് പോരിന് മത്സരശേഷം മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരങ്ങളായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും.

പാക്ക് താരങ്ങളുടെ അനാവശ്യമായ പ്രകോപനമാണ് തകർത്തടിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് പ്ലെയർ ഓഫ് ദ് മാച്ചായി തിരഞ്ഞെടുക്കപ്പെട്ടശേഷം അഭിഷേക് ശർമ പറഞ്ഞു. ‘ഒരു കാരണവുമില്ലാതെ അവർ അടുത്തേക്ക് വന്നു, എനിക്കത് ഒട്ടും ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് തിരിച്ചടിച്ചത്. ഗില്ലിനൊപ്പം സ്കൂൾ കാലം മുതൽ ഒരുമിച്ചു കളിക്കുന്നതാണ്. ഞങ്ങൾ ചെയ്യുമെന്ന് ഉറപ്പിച്ചു, ഇന്ന് ഞങ്ങളുടെ ദിവസമായിരുന്നു. ഇങ്ങനെ കളിക്കുന്നുണ്ടെങ്കിൽ അതു ടീം നൽകുന്ന പിന്തുണയുള്ളതുകൊണ്ടാണ്’’ അഭിഷേക് പറഞ്ഞു. നേരത്തെ തന്നെ പാകിസ്ഥാന് പോസ്റ്റുകളിലൂടെ മറുപടിയുമായി അഭിഷേകും ഗില്ലും രംഗത്തെത്തിയിരുന്നു. ‘നിങ്ങൾ സംസാരിക്കും, ഞങ്ങൾ ജയിക്കും’ എന്ന കുറിപ്പോടെയാണ് അഭിഷേക്, മത്സരത്തിലെ ചിത്രങ്ങൾ പങ്കുവച്ചത്.  ‘വാക്കുകളല്ല സംസാരിക്കുന്നത്, മത്സരമാണ്’ എന്നായിരുന്നു ശുഭ്മാൻ ഗില്ലിന്റെ പോസ്റ്റ്. 

ഇന്ത്യൻ ഇന്നിങ്സിൽ അഞ്ചാം ഓവറിലായിരുന്നു ഏറെ വിവാദമായ സംഭവം. പാക്ക് പേസർ ഹാരിസ് റൗഫിന്‍റെ ആദ്യ ഓവറായിരുന്നു അത്. രണ്ടു ഫോറടക്കം 12 റൺസാണ് ആ ഓവറിൽ റൗഫ് വഴങ്ങിയത്. ഓവറിലെ അവസാന പന്തിൽ ഗിൽ ഫോറടിച്ചതിനു പിന്നാലെയായിരുന്നു റൗഫിന്‍റെ പ്രകോപനം. പിന്നാലെ ചുട്ടമറുപടി നല്‍കി ഗില്‍ രംഗത്തെത്തുകയും അഭിഷേകും റൗഫും തമ്മില്‍ വാക്പോരുണ്ടാകുകയും ചെയ്തു. ഇതോടെ അംപയർ ഗാസൽ സോഹൽ ഇടപെട്ട് ഇരുവിഭാഗത്തെയും ശാന്തരാക്കുകയായിരുന്നു. മാത്രമല്ല മറ്റൊരു സന്ദര്‍ഭത്തില്‍ കാണികളില്‍ നിന്ന് 'കോലി വിളി' ഉയര്‍ന്നപ്പോള്‍ ആറ് എന്ന് കൈവിരലുകള്‍ ഉയര്‍ത്തി കാണിച്ച ശേഷം വിമാനം വീഴുന്നതായും റൗഫ് ആംഗ്യം കാണിച്ചിരുന്നു. ഇത് ഇന്ത്യന്‍ താരങ്ങളെയും കാണികളെയും ഒരുപോലെ അസ്വസ്ഥരാക്കിയിരുന്നു.

ഇന്ത്യയ്ക്കെതിരെ അര്‍ധ സെഞ്ചറി നേടിയതിന് പിന്നാലെ പാക് ഓപ്പണര്‍ സാഹിബ്സാദാ ഫര്‍ഹാന്‍റേതായിരുന്നു മറ്റൊരു വിവാദ ആഘോഷം. പത്താം ഓവറിലെ മൂന്നാമത്തെ പന്തിലാണ് ഫര്‍ഹാന്‍ അര്‍ധസെ‍ഞ്ചറി തികച്ചത്. സിക്സടിച്ച് 50 തികച്ചതിന് പിന്നാലെ ബാറ്റെടുത്ത് തോക്ക് പോലെയാക്കി 'വെടിയുതിര്‍ത്താ'യിരുന്നു ഫര്‍ഹാന്‍റെ ആഘോഷം. പതിവില്ലാത്ത തരം ആഘോഷം കണ്ട് നോണ്‍ സ്ട്രൈക്കറായ സയിം അയുബും അമ്പരപ്പോടെ നോക്കുന്നത് സംഭവത്തിന്‍റെ വിഡിയോയില്‍ ദൃശ്യമായിരുന്നു.

ഏഷ്യക്കപ്പില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. ഗ്രൂപ്പ് മല്‍സരത്തിലും ഇന്ത്യ പാകിസ്ഥാനെ നിലംപരിശാക്കിയിരുന്നു. മുന്‍മല്‍സരത്തിലേത് പോലെ ഇരു ക്യാപ്റ്റന്‍മാരും ടോസിന് ശേഷം ഹസ്തദാനം നടത്തിയില്ല. ടോസിന്‍റെ സമയത്ത് ടീം ലിസ്റ്റ് കൈമാറുന്ന പതിവും ക്യാപ്റ്റന്‍മാര്‍ ഇന്നലെ തെറ്റിച്ചു. മാച്ച് റഫറിക്കാണ് ഇരുവരും ടീം ലിസ്റ്റ് കൈമാറിയത്.

ENGLISH SUMMARY:

The India–Pakistan Asia Cup clash witnessed multiple controversies, from Haris Rauf’s provocative airplane-crash gesture to Sahibzada Farhan’s “gunfire” celebration after his half-century. Tensions peaked when Rauf confronted Shubman Gill and Abhishek Sharma on the field, sparking a verbal spat that forced umpires to intervene. Later, Player of the Match Abhishek Sharma said the Pakistani players’ unnecessary aggression fueled his determination to strike back. Both Abhishek and Gill also took to social media with subtle jibes, asserting that India lets the game do the talking. The fiery showdown highlighted the intensity of the historic cricket rivalry.