ഓണാഘോഷത്തിന്‍റെ ഉല്‍സാഹക്കാഴ്ചയായി ക്രിക്കറ്റ് തുടരും. കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ രണ്ട് വന്‍വിജയമായതോടെയാണ് ഇത്. വനിതാ ക്രിക്കറ്റ് ലീഗ് കൂടി വരുന്നതോടെ കൂടുതല്‍ താരങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സി.ഇ.ഒ മിനു ചിന്ദംബരം മനോരമ ന്യൂസിനോട് പറഞ്ഞു.
കേരള ക്രിക്കറ്റ് ലീഗിന്‍റെ ആദ്യ പതിപ്പ് കളിക്കാരെ ഉദ്ദേശിച്ചാണ് സംഘടിപ്പിച്ചതെങ്കില്‍ ഇക്കുറി കളിക്കാരെ മാത്രമല്ല ക്രിക്കറ്റ് ആരാധകരെയും പരിഗണച്ചു. ഓണാവധിക്കാലത്തായിരുന്നു മല്‍സരങ്ങളേറെയും. അതുകൊണ്ടുതന്നെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കളികാണാനെത്തിയവര്‍ പലപ്പോഴും പതിനായിരം കവിഞ്ഞു.
ആദ്യ ലീഗ് തന്നെ നാല്‍പ്പതുകോടിരൂപയുടെ വിനിമയത്തിന് കാരണമായി . ഇത്തവണ ഫൈനല്‍കഴിയുമ്പോള്‍ അത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ. കളിമതിയാക്കാന്‍ തുനിഞ്ഞിരുന്ന താരങ്ങള്‍ പോലും ക്രിക്കറ്റിലേക്ക് മടങ്ങിവന്നു. വനിതകള്‍ക്കും ഇതേ അവസരം നല്‍കുകയാണ് അടുത്തപടി. ഇതരസംസ്ഥാനങ്ങളെപ്പോലെ പ്രഫഷണല്‍ ക്രിക്കറ്റിന്‍റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് കെ.സി.എയുടെ തീരുമാനം.