കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെ മൂന്നുവിക്കറ്റിന് തോല്‍പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്. 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊച്ചി, 10 പന്തുകൾ ബാക്കിനിൽക്കെയാണ് വിജയറൺ കുറിച്ചത്. മികച്ച ഫോമിലുള്ള സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കൊച്ചിയുടെ വിജയത്തിൽ നിർണായകമായത്.
41 പന്തിൽ 83 റൺസ് നേടി സഞ്ജു ടീമിന് മികച്ച അടിത്തറ നൽകി. അർധ സെഞ്ചറി തികച്ചതിന് പിന്നാലെ സഞ്ജു പുറത്തായെങ്കിലും, പിന്നീട് ക്രീസിലെത്തിയ പി.എസ്.ജെറിൻ 13 പന്തിൽ 25 റൺസ് നേടി ടീമിനെ വിജയതീരത്തെത്തിക്കുകയായിരുന്നു.
ആദ്യം ബാറ്റുചെയ്ത ആലപ്പി റിപ്പിൾസ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. ആലപ്പിക്ക് വേണ്ടി തകർപ്പൻ ബാറ്റിങ് പ്രകടനം കാഴ്ചവെച്ച് 71 റൺസ് നേടിയ ജലജ് സക്സേനയാണ് ടോപ് സ്കോറർ. കൊച്ചിക്ക് വേണ്ടി മികച്ച ബോളിങ് കാഴ്ചവെച്ച കെ.എം.ആസിഫ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.