കേരള ക്രിക്കറ്റിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ പല തവണ രക്ഷക വേഷം കെട്ടിയ അതിഥി താരം ജലജ് സക്സേന വരുന്ന സീസണിലെ രഞ്ജി ട്രോഫിയിൽ കേരളത്തിനായി കളിക്കില്ല. പ്രായമായ മാതാപിതാക്കളുടെ സംരക്ഷണത്തിനും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനുമായാണ് രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചതെന്ന് 38കാരനായ ജലജ് സക്സേന കേരള ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു.
മധ്യപ്രദേശ് താരമായ ജലജ് സക്സേന 2016ലാണ് കേരള ടീമിന്‍റെ ഭാഗമായത്. കേരളത്തിനായി കളിച്ച 59 മത്സരങ്ങളിൽ മൂന്ന് സെഞ്ചറിയും പത്ത് അർധസെഞ്ചറിയും ഉൾപ്പടെ 2215 റൺസും 269 വിക്കറ്റും സ്വന്തമാക്കി. 21 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനല്‍ കളിച്ചപ്പോള്‍ ജലജിന്‍റെ പ്രകടനം നിര്‍ണായകമായിരുന്നു.
കേരള ക്രിക്കറ്റ് ലീഗില്‍ നിലവില്‍ ആലപ്പി റിപ്പിള്‍സിനായി ജലജ് കളിക്കുന്നുണ്ട്.മധ്യപ്രദേശ് താരമായ ജലജ് സക്സേന 2016ലാണ് കേരള ടീമിന്‍റെ ഭാഗമായത്. അതേസമയം, വിദർഭയിൽ നിന്നെത്തി കഴിഞ്ഞ സീസണിൽ നിർണായക പ്രകടനങ്ങൾ നടത്തിയ ഓൾറൗണ്ടർ ആദിത്യ സർവതെയും കേരളം വിട്ടു. താരം പുതിയ സീസണിൽ ഛത്തീസ്ഗഡിന് വേണ്ടി കളിക്കും. താരം എൻഒസി വാങ്ങിയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ രഞ്ജി ട്രോഫിയിൽ 271 റൺസും 34 റൺസും നേടിയ സർവതെ കേരളത്തിൻ്റെ കുതിപ്പിൽ നിർണായക പങ്കുവഹിച്ചു. വിജയ് ഹസാരെയില്‍ 61 റൺസും 9 വിക്കറ്റും നേടി.