kochi-blue-tigers

കെസിഎല്ലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് വീണ്ടും വിജയവഴിയില്‍. ട്രിവാൺഡ്രം റോയൽസിനെ ഒൻപത് റൺസിനാണ് കൊച്ചി തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ അഞ്ച് വിക്കറ്റിന് 191 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് മാത്രമാണ് നേടാനായത്. വിജയത്തോടെ എട്ട് പോയിൻ്റുമായി കൊച്ചി പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി. സഞ്ജു സാംസനാണ് പ്ലെയർ ഓഫ് ദി മാച്ച്.

ബേസിൽ തമ്പിയെറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയാണ് സഞ്ജു സാംസൻ തുടക്കമിട്ടത്.  ആദ്യഓവറില്‍ സിക്സും ഫോറും നേടി സഞ്ജു കൊച്ചിയുടെ തുടക്കം ഗംഭീരമാക്കി. ഓപ്പണറായ വിനൂപ് മനോഹരനും തകര്‍ത്തടിച്ചു. നിഖിലെറിഞ്ഞ ആറാം ഓവറിൽ വിനൂപ് തുടരെ മൂന്ന് ബൌണ്ടറികൾ നേടി. ഇരുവരും ചേർന്ന മികച്ച തുടക്കത്തിന് അവസാനമിട്ടത് അബ്ദുൾ ബാസിദാണ്. കൊച്ചിക്കായി സഞ്ജു മൂന്നാം അർധ സെഞ്ചറി നേടി. 37 പന്തുകളിൽ നാല് ഫോറും അഞ്ച് സിക്സുമടക്കം 62 റൺസുമാണ് സഞ്ജു മടങ്ങിയത്. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ട്രിവാൺഡ്രം റോയൽസിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ഗോവിന്ദ് ദേവ് പൈയും റിയാ ബഷീറും അക്കൗണ്ട് തുറക്കാതെ മടങ്ങി. സലി സാംസനും ജോബിൻ ജോബിയുമായിരുന്നു വിക്കറ്റുകൾ നേടിയത്. കൃഷ്ണപ്രസാദും സഞ്ജീവ് സതീശനും ചേർന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് റോയൽസിന് പ്രതീക്ഷ നല്കി. ഇരുവരും ചേർന്ന് 74 റൺസ് കൂട്ടിച്ചേർത്തു. പ്രതീക്ഷ കൈവിടാതെ ഇന്നിങ്സ് മുന്നോട്ട് നീക്കിയ അബ്ദുൾ ബാസിദിന്‍റെയും സഞ്ജീവ് സതീശന്‍റെയും കൂട്ടുകെട്ടാണ് കളിയുടെ ആവേശം അവസാന ഓവർ വരെ നീട്ടിയത്. സ്കോർ 151ൽ നില്ക്കെ 70 റൺസെടുത്ത സഞ്ജീവ് മടങ്ങി. 46 പന്തുകളിൽ നാല് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജീവിന്‍റെ ഇന്നിങ്സ്. 

മറുവശത്ത് ഉറച്ച് നിന്ന അബ്ദൂൾ ബാസിദ് അവസാന ഓവർ വരെ പൊരുതിയെങ്കിലും റോയൽസിൻ്റെ മറുപടി 182 റൺസിൽ അവസാനിച്ചു. അവസാന ഓവറിലെ നാലാമത്തെ പന്തിൽ റണൗട്ടാവുകയായിരുന്നു അബ്ദുൾ ബാസിദ്. അബ്ദുൾ ബാസിദ് 41 റൺസെടുത്തു. കൊച്ചിയ്ക്ക് വേണ്ടി മൊഹമ്മദ് ആഷിഖ് രണ്ട് വിക്കറ്റ് വീഴ്ത്തി.

ENGLISH SUMMARY:

Kochi Blue Tides secured a victory against Trivandrum Royals in the KCL. Kochi won by 9 runs, with Sanju Samson named Player of the Match.