Ahmedabad: Punjab Kings' skipper Shreyas Iyer during a training session ahead of the Indian Premier League (IPL) 2025 Qualifier 2 cricket match against Mumbai Indians, at the Narendra Modi Stadium, in Ahmedabad, Gujarat, Saturday, May 31, 2025. (PTI Photo/Atul Yadav)(PTI05_31_2025_000365A)

Image Credit: PTI

സൂപ്പര്‍ ബാറ്റസ്മാന്‍ ശ്രേയസ് അയ്യരെ കാത്തിരിക്കുന്നത് വന്‍ നേട്ടങ്ങളുടെ കാലമാണെന്ന് ജ്യോല്‍സ്യന്‍റെ പ്രവചനം. ഗ്രഹനില പരിശോധിക്കുമ്പോള്‍ ഏറ്റവും അനുകൂലമായ കാലമാണ് ശ്രേയസിന് വരാന്‍ പോകുന്നതെന്നും രാജയോഗം കാത്തിരിക്കുന്നുവെന്നും സെലിബ്രിറ്റി ജ്യോല്‍സ്യന്‍ ഗ്രീന്‍സ്റ്റോണ്‍ ലോബോ അവകാശപ്പെടുന്നു. ഇന്ത്യയുടെ ട്വന്‍റി 20 ടീമിലേക്ക് അയ്യര്‍ മടങ്ങിയെത്തുമെന്നും ലോകകപ്പില്‍ നിര്‍ണായക പദവിയിലേക്ക് ഉയരുമെന്നുമാണ് പ്രവചനം. 

വരുന്ന ഏഷ്യാകപ്പ് ട്വന്‍റി 20ക്കുള്ള ടീമില്‍ ശ്രേയസ് അയ്യര്‍ക്ക് ഇടംപിടിക്കാനായിരുന്നില്ല. ഐപിഎലിലെ മിന്നും പ്രകടനമുണ്ടായിട്ട് പോലും ഏഷ്യാകപ്പിനുള്ള പതിനഞ്ചംഗ ടീമില്‍ അയ്യര്‍ തഴയപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചത്. പകരക്കാരുടെ പട്ടികയില്‍ പോലും സെലക്ഷന്‍ കമ്മിറ്റി അയ്യരെ ഉള്‍പ്പെടുത്തിയില്ലെന്നത് മുന്‍താരങ്ങളെയടക്കം അസ്വസ്ഥമാക്കി. എന്നാല്‍ വരാനിരിക്കുന്ന രണ്ട് വര്‍ഷം അയ്യരുടേതാണെന്നാണ്  ജ്യോല്‍സ്യരുടെ പ്രവചനം.

'1994ലാണ് അയ്യരുടെ ജനനം. ഗ്രഹങ്ങളെല്ലാം താരത്തിന് അനുകൂലമാണ്. ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ ടീം ഇന്ത്യയുടെ നായകനായി ശ്രേയസ് അയ്യര്‍ മാറു'മെന്നും ലോബോ പറയുന്നു. ട്വന്‍റി20 ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിയും. ടീമിന്‍റെ പ്രതീക്ഷയ്​ക്കൊത്ത് ഉയരാനും നിര്‍ണായക സംഭാവനകള്‍ നല്‍കാനും ട്വന്‍റി 20 ലോകകപ്പില്‍ അയ്യര്‍ക്ക് കഴിയും. 2027ലെ ഏകദിന ലോകകപ്പില്‍ അയ്യര്‍ ക്യാപ്റ്റനായി മാറിയേക്കാനുള്ള സാധ്യത തള്ളേണ്ടെന്നും ലോബോ വിശദീകരിക്കുന്നു. 

ഐപിഎലിന് പുറമെ ചാംപ്യന്‍സ് ട്രോഫിയിലും മികച്ച പ്രകടനമാണ് ശ്രേയസ് അയ്യര്‍ പുറത്തെടുത്തത്. മധ്യനിരയില്‍ കണ്ണുംപൂട്ടി വിശ്വസിക്കാവുന്ന ബാറ്ററെ ബിസിസിഐ തഴയാന്‍ കാരണമെന്തെന്നാണ് ആരാധകര്‍ തല പുകയ്ക്കുന്നത്. മിന്നും ഫോമിലുള്ള അയ്യരെ ഒഴിവാക്കി ശുഭ്മന്‍ ഗില്‍,റിങ്കു സിങ്, ശിവം ദുബെ എന്നിവരെയാണ് അഗാര്‍ക്കറുടെ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്.

അതിനിടെ ഏകദിനത്തില്‍ രോഹിതിന്‍റെ പിന്‍ഗാമിയായി ശ്രേയസ് അയ്യരെയാണ് ബിസിസിഐ കാണുന്നതെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഏകദിന ടീം ക്യാപ്റ്റനാക്കിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനം പുറത്തുവന്നിട്ടില്ല. 

ENGLISH SUMMARY:

Shreyas Iyer is predicted to have a bright future according to astrologer Greenstone Lobo. The astrological forecast suggests a period of immense success, including a potential leadership role in the Indian cricket team.