വിഷ്ണു വിനോദിന്റെ വെടിക്കെട്ടിൽ വിജയവഴിയിൽ തിരിച്ചെത്തി കൊല്ലം സെയിലേഴ്സ്. അഞ്ച് ഓവറുകൾ ശേഷിക്കേ തൃശ്ശൂർ ടൈറ്റൻസിനെ എട്ടു വിക്കറ്റിന് തറപറ്റിച്ചാണ് കൊല്ലത്തിന്റെ കുതിപ്പ്. സീസണിൽ തൃശ്ശൂരിന്റെ ആദ്യ പരാജയമാണിത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിറങ്ങിയ തൃശൂരിന്റെ 144 റൺസ് എന്ന സമ്പാദ്യമാണ് 90 പന്തുകളില്‍ കൊല്ലം കവച്ചു വച്ചത്. അഹ്മദ് ഇമ്രാൻ അടക്കം തൃശൂരിന്റെ ബാറ്റിങ് നിര അടിപതറിയപ്പോള്‍ സച്ചിൻ ബേബിയും വിഷ്ണു വിനോദും അവസരം നന്നായി മുതലെടുത്തു.
38 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 41 റണ്‍സ് നേടി ഓപ്പണര്‍ ആനന്ദ് കൃഷ്ണനാണ് ടൈറ്റന്‍സ് പടയിൽ പൊരുതിയത്. 24 റണ്‍സെടുത്ത അക്ഷയ് മനോഹറും സ്കോർ ബോർഡിനു അനക്കം വെപ്പിച്ചു. 3.5 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി അജയ്‌ഘോഷ് പിഴുതെടുത്തു നാല് വിക്കറ്റ്, 4 ഓവറില്‍ 19 റണ്‍സ് വഴങ്ങി അമലും നേടി 3 വിക്കറ്റുകള്‍. ഷറഫുദ്ദീന്‍ രണ്ടും സജീവന്‍ അഖില്‍ ഒരു വിക്കറ്റും നേടിയപ്പോൾ തൃശൂരിനു 144 ൽ ഒതുങ്ങേണ്ടി വന്നു
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം സെയിലേഴ്സിനു കാര്യം സിംപിൾ. രണ്ടു വിക്കറ്റ് നഷ്ടത്തിൽ 14.1 ഓവറിൽ തന്നെ ലക്ഷ്യം കണ്ടു. 38 പന്തില്‍ എട്ട് സിക്‌സും ഏഴ് ഫോറും സഹിതം 86 റണ്‍സുമായി വിഷ്ണു വിനോദ് ആഞ്ഞടിച്ചു. 28 പന്തില്‍ 32 റൺസ് എടുത്ത് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ പിന്തുണ കൂടിയായപ്പോള്‍ വിജയം സ്വന്തം. തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍ ജയിച്ച തൃശൂരിനു സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.