ഇംഗ്ലണ്ടിലെ ഫോക്സ് ഇലവന്‍ ഓട്ടോസ്പാ ടി–ടെന്‍ ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ കിരീടം ചൂടി മലയാളികള്‍. ഫൈനലില്‍ കരുത്തരായ ഫോക്സ് ഇലവന്‍ ബി ടീമിനെ തകര്‍ത്താണ് റോയല്‍ ഡെവണ്‍ ക്രിക്കറ്റ് ക്ലബ് ജേതാക്കളായത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ഡെവണ്‍ 8 ഓവറില്‍ നാലുവിക്കറ്റിന് 92 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഫോക്സ് 11 ബിയ്ക്ക് 8 ഓവറില്‍ 5 വിക്കറ്റിന് 83 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. പ്രൈസണ്‍, ഹാരി, ആഷ് ഡ്യൂബ്, ആര്യന്‍ ലക്ര എന്നിവരുടെ ബാറ്റിങ് മികവിലാണ് ഫൈനലില്‍ ആര്‍.ഡി.സി.സി പൊരുതാവുന്ന സ്‌കോര്‍ നേടിയത്. ഷാഹിദ്, ഫെലിക്‌സ്, ആര്യന്‍, ജാക്‌സണ്‍, ആഷ് ഡ്യൂബ് എന്നിവരുടെ മികച്ച ബോളിങ്, ടീമിന് ആവേശകരമായ വിജയവും കിരീടവും നേടിക്കൊടുത്തു.
ഹണ്ടിങ്ടണിലെ ആല്‍ക്കണ്‍ബറി ക്ലബ് മൈതാനത്താണ് ഫോക്സ് ഇലവന്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചത്. ശക്തരായ എട്ട് ടീമുകള്‍ അണിനിരന്ന ടൂര്‍ണമെന്‍റ് യുകെയിലെ മലയാളികളുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ശ്രദ്ധേയമായ അധ്യായമായി. സെമിയില്‍ കരുത്തരായ മാഡ് മാക്സ് സി സിയെ തോല്‍പ്പിച്ച് ഫൈനലില്‍ എത്തിയ ഫോക്‌സ് 11 ബി റോയല്‍ ഡെവണ്‍ ക്രിക്കറ്റ് ക്ലബിന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. സെമി ഫൈനലില്‍ ആര്‍.ഡി.സി.സി ഫോക്‌സ് 11 എയെ തോല്‍പ്പിച്ചു.
ഇംഗ്ലിഷ് താരങ്ങളടങ്ങിയ ലണ്ടന്‍ വാരിയേഴ്‌സ്, മലയാളിയായ ഫസ്റ്റ് ക്ലാസ് താരം രാഹുല്‍ പൊന്നപ്പന്‍ ഉള്‍പ്പെട്ട ഫോക്‌സ് 11 എ, കേരള സോണ്‍ ലെവല്‍ താരങ്ങളും കെ.സി.എല്‍ അംഗങ്ങളും ഉള്‍പ്പെട്ട ഫോക്‌സ് 11 ബി, പാക്കിസ്ഥാന്‍റെ ദേശീയ താരങ്ങള്‍ വരെ ഉള്‍പ്പെട്ട കശ്മീര്‍ ക്രിക്കറ്റ് ക്ലബ്, നാല് ശ്രീലങ്കന്‍ ദേശീയ താരങ്ങളടങ്ങിയ മാഡ് മാക്സ് ക്രിക്കറ്റ് ക്ലബ്, ഇന്ത്യന്‍ താരങ്ങള്‍ക്ക് ആധിപത്യമുള്ള ഫോര്‍ട്ട് ക്രിക്കറ്റ് ക്ലബ്, തമിഴ് താരങ്ങള്‍ അടങ്ങിയ ഫാല്‍ക്കണ്‍ ഇലവന്‍ ക്രിക്കറ്റ് ക്ലബ് എന്നിവയാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത മറ്റ് ടീമുകള്‍. ആഷ് ഡ്യൂബ് സെമിഫൈനലിലും ഫൈനലിലും പ്ലെയര്‍ ഓഫ് ദ് മാച്ച് ആയി.