Cricket - International Test Match Series - First Test - England v India - Headingley Cricket Ground, Leeds, Britain - June 21, 2025 India's Jasprit Bumrah gets ready to bowl Action Images via Reuters/Craig Brough
ഇന്ത്യ– ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ കളിക്കില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ഓവല്‍ ടെസ്റ്റില്‍ ബുംറ പുറത്തിരിക്കുന്നത് തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. ബിസിസിഐയുടെ മെഡിക്കല്‍ ടീമാണ് ഇത് സംബന്ധിച്ച വ്യക്തത വരുത്തിയത്. ബുംറയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സമ്മര്‍ദം ഒഴിവാക്കുന്നതിനാണ് തീരുമാനമെന്നാണ് മെഡിക്കല്‍ ടീം വ്യക്തമാക്കുന്നത്. തീരുമാനം ബുംറയെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പരമ്പര ആരംഭിക്കുന്നതിന് മുന്‍പ് തന്നെ, ബുംറ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ മൂന്നെണ്ണമേ കളിക്കുകയുള്ളൂവെന്ന് മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു. ഇത് അനുസരിച്ചാണെങ്കില്‍ താരം ടെസ്റ്റ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ ഓവല്‍ പരമ്പര നിര്‍ണയിക്കാന്‍ പോന്ന ടെസ്റ്റായതിനാല്‍ ബുംറയെ ഇന്ത്യ പുറത്തിരുത്തില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയും ചെയ്തു. ഇത് തള്ളുന്നതാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനം.
ബുംറ കളിച്ചേക്കുമെന്ന സൂചനകള്‍ തന്നെയാണ് ബാറ്റിങ് കോച്ചായ സിതാന്‍ഷു കൊട്ടക് കഴിഞ്ഞ ദിവസം നല്‍കിയിരുന്നത്. ബുംറ ശാരീരികമായി ഫിറ്റാണെന്നും സിതാന്‍ഷു വ്യക്തമാക്കിയിരുന്നു. മാഞ്ചസ്റ്ററിലെ നാടകീയമായ സമനില ബുംറ ഓവലില്‍ കളിച്ചേക്കാനുള്ള സാധ്യതയും വര്‍ധിപ്പിച്ചിരുന്നു. ബുംറ ഫിറ്റാണെങ്കിലും ഗംഭീറും, ഫിസിയോയും ഗില്ലുമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും സിതാന്‍ഷു വിശദീകരിക്കുകയും ചെയ്തു.
ഞരമ്പ് വലിച്ചിലിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കളിക്കാതിരുന്ന ആകാശ് ദീപാകും ബുംറയ്ക്ക് പകരം ടീമിലെത്തുകയെന്നാണ് സൂചന. ഏജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ താരം പത്തുവിക്കറ്റ് സ്വന്തമാക്കിയിരുന്നു. നാളെ മുതലാണ് ഓവല്‍ ടെസ്റ്റ് ആരംഭിക്കുക. ബാറ്റര്‍മാരെയും ബോളര്‍മാരെയും ഒരുപോലെ തുണയ്ക്കുന്നതാണ് ഓവലിലെ പിച്ചെന്നാണ് സൂചന.