കേരള ക്രിക്കറ്റ് ലീഗിൻ്റെ രണ്ടാം പതിപ്പിൽ ഇന്ത്യൻ താരം സഞ്ജു വി സാംസൺ എന്തു മാറ്റമാണ് കൊണ്ടുവരുന്നത് എന്ന് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. സഞ്ജുവിനെ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് ,കേരള ക്രിക്കറ്റ് ലീഗിൽ ഇത്തവണ കിരീടം നേടുമോ എന്നതാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജ്യാന്തര നിലവാരത്തിലുള്ള ബാറ്റർമാരെയും ബോളർമാരെയും ഫലപ്രദമായി ഉപയോഗിച്ച രാജസ്ഥാൻ റോയൽസിന്റെ നായകൻ സഞ്ജു, കേരള ക്രിക്കറ്റ് ലീഗിൽ സഹോദരൻ സാലി സാംസന്റെ ക്യാപ്റ്റൻസിൽ വൈസ് ക്യാപ്റ്റൻ ആയാണ് അരങ്ങേറ്റം കുറിക്കുന്നത് എന്ന സവിശേഷതയും ഉണ്ട്. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന് ഒരു കാലത്ത് സ്റ്റീവ് വോ - മാർക്ക് വോ സഹോദരന്മാർ എങ്ങനെയായിരുന്നോ അതുപോലെയാകും കൊച്ചി ബ്ലൂ ടൈഗേഴ്സിന് സഞ്ജുവും സാലിയും എന്നാണ് ഫാൻസിൻ്റെ പ്രതീക്ഷ.
ഇരുവരും കഴിഞ്ഞദിവസം കൊച്ചിയുടെ ബ്ലൂ ടൈഗേഴ്സിൻ്റെ തിരുവനന്തപുരം ക്യാംപിൽ ഔദ്യോഗികമായി തന്നെ എത്തി. ആക്കുളത്തെ സ്വകാര്യ സ്പോർട്സ് കോംപ്ലക്സിൽ സംഘടിപ്പിച്ച പരിശീലനത്തിന് എത്തിയ സഹോദരങ്ങളെ ടീം മാനേജ്മെന്റ് സ്വീകരിച്ചു. സഞ്ജുവിന്റെ വരവ് ടീമിന്റെ ആത്മവിശ്വാസം വാനോളം ഉയർത്തിയിട്ടുണ്ട്. കെസിഎൽ രണ്ടാം സീസണിൽ വൻ താരനിരയുമായാണ് കൊച്ചി കളത്തിലിറങ്ങുന്നത്.
28.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സഞ്ജുവിനെ നേടിയത്. താരലേലത്തിൽ സഞ്ജുവിനായി മത്സരിച്ചത് ട്രിവാൻഡ്രം റോയൽസും തൃശ്ശൂർ ടൈറ്റൻസും ആയിരുന്നു. ഒടുവിൽ റെക്കോർഡ് തുകയ്ക്ക് കൊച്ചി സഞ്ജു കൊത്തിയെടുത്തു.
സഞ്ജുവും സാലിയും ഒരുമിച്ച് പരിശീലനത്തിന് ഇറങ്ങിയതോടെ ആരാധകരും ആവേശത്തിലാണ്. കൊച്ചിയിലെ ക്യാംപ് രണ്ടുമൂന്നു ദിവസത്തിനകം തുടങ്ങും. സാംസൺ സഹോദരന്മാരുടെ വരവ് പുതിയൊരു ഊർജം പകർന്നിരിക്കുകയാണെന്ന് ടീം ഉടമ സുഭാഷ് മനുവൽ പറഞ്ഞു. സഞ്ജുവിന്റെ അനുഭവസമ്പത്തും കളിമികവും യുവതാരങ്ങൾക്ക് പ്രചോദനമാകും.
ടീമിന്റെ പരിശീലനം മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്ന് മുഖ്യ പരിശീലകനും മുൻ കേരള താരവുമായ റൈഫി വിൻസെന്റ് ഗോമസ് പറഞ്ഞു. ഓരോ കളിക്കാരന്റെയും കായികക്ഷമത ഉറപ്പുവരുത്തുന്നതിനും അവരുടെ പ്രകടനത്തിലെ പോരായ്മകൾ പരിഹരിക്കുന്നതിനുമാണ് പ്രാധാന്യം നൽകുന്നത്. സഞ്ജുവും സാലിയും എത്തിയതോടെ ടീമിന്റെ ഘടന കൂടുതൽ ശക്തമായെന്നും റൈഫി. ഓഗസ്റ്റ് 21ന് ആരംഭിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിൽ കൂടുതൽ ആത്മവിശ്വാസത്തോടെയാകും കൊച്ചിയുടെ വരവ്.