ലോഡ്സ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. 193 റണ്‍സ് പിന്തുടരുന്ന ഇന്ത്യ നാല് വിക്കറ്റിന് 58 റണ്‍സ് എന്ന നിലയില്‍ നാലാം ദിവസത്തെ കളി അവസാനിപ്പിച്ചു. ആറു വിക്കറ്റും ഒരു ദിവസത്തെ കളിയും ബാക്കിനിൽക്കെ ഇന്ത്യയ്‌ക്ക് വിജയത്തിലേക്ക് വേണ്ടത് 135 റൺസ്. 47 പന്തിൽ ആറു ഫോറുകളോടെ 33 റൺസുമായി ഓപ്പണർ കെ.എൽ. രാഹുൽ ക്രീസിലുള്ളതാണ് ഇന്ത്യയുടെ ഏക ആശ്വാസം. ഋഷഭ് പന്ത്, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ എന്നിവർ ഇറങ്ങാനുമുണ്ട്.
ഓപ്പണർ യശസ്വി ജയ്സ്വാൾ (ഏഴു പന്തിൽ 0), കരുൺ നായർ (33 പന്തിൽ ഒരു ഫോർ സഹിതം 14), ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (ഒൻപതു പന്തിൽ ഒരു ഫോർ സഹിതം ആറ്), നൈറ്റ് വാച്ച്മാനായി സ്ഥാനക്കയറ്റം നൽകി അയച്ച ആകാശ്ദീപ് (11 പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ ഇന്ത്യൻ ബാറ്റർമാർ. ഇംഗ്ലണ്ടിനായി ബ്രൈഡൻ കാഴ്സ് നാല് ഓവറിൽ 11 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു