ഇന്ത്യൻ ക്രിക്കറ്റിന്റെ ഒരൊയൊരു ദാദയ്ക്ക് ഇന്ന് 53 ആം പിറന്നാൾ. കളിക്കളത്തിലെ ഗാംഗുലി കാലം, പടുകുഴിയിൽ വീണ് കിടന്ന ഇന്ത്യൻ ക്രിക്കറ്റിന്റെ ഉയർത്തെഴുന്നേൽപ്പിന്‍റെ കാലം കൂടിയായിരുന്നു. എതിരാളിയെ വിറപ്പിക്കുന്ന ശൗര്യം കൂടിയ ബംഗാൾ കടുവ. അതായിരുന്നു സൗരവ് ഗാംഗുലി. 96 ൽ ലോഡ്സിൽ ഇന്ത്യയ്ക്ക് വേണ്ടി മൂന്നാം നമ്പറിൽ കളിക്കാനിറങ്ങിയ 24കാരൻ. തന്റെ ആദ്യ ടെസ്റ്റിൽ സെഞ്ചുറി നേടി ഇംഗ്ലണ്ടിനെ തുണ്ടമാക്കി. ക്രിക്കറ്റിന്റെ മെക്കയിൽ ജഴ്സി ഊരി വിക്ടറി സെലിബ്രേഷൻ.
അതുവരെ ആരും ഗൌനിക്കാതെ പോയ പയ്യൻ പിന്നെ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച നായകരിലൊരാളായി. ബംഗാളിൽ നിന്ന് വന്ന ചൂടൻ ചെക്കൻ ഇന്ത്യൻ ക്രിക്കറ്റിന്റെ തലപ്പത്തെത്തിയപ്പോൾ ചരിത്രം പിറന്നു. ഇന്ത്യൻ ടീമിനെ എന്തിനും പോന്ന പതിനൊന്നുപേരുടെ കൂട്ടമാക്കി മാറ്റി. ഇതിഹാസ ജയങ്ങൾ പൊരുതി നേടി.
2002 ലെ നാറ്റ് വെസ്റ്റ് സീരിസ്, ചാംപ്യൻസ് ട്രോഫി,2003 ലെ ഏകദിന ലോകകപ്പ് റണ്ണേഴ്സ് അപ്പ് അടക്കം ഗാംഗുലിക്കാലത്തിന്റെ നേട്ടങ്ങളുടെ നിര നീളും. കളത്തിൽ ബാറ്റുകൊണ്ടും നാവുകൊണ്ടും തീപ്പൊരി വിതറിയ ബംഗാൾ കടുവ, ആരെയും കൂസാത്തവൻ ഇങ്ങനെ പേരുകളും നിരവധി. ഓഫ് സൈഡിൽ നൂറുകൈകൾ ഫീൽഡിങ്ങിനെത്തിയാലും ഗാംഗുലി ഷോട്ട്സെല്ലാം ബൌണ്ടറി കടക്കുമെന്നതിൽ നോ ഡൌട്ട്. അങ്ങനെ ഓഫ് സൈഡിലെ ദൈവം എന്ന വിളിപ്പേരും. അഞ്ചുവർഷത്തോളം ടീമിനെ നയിച്ച ഗാംഗുലി ബിസിസിഐയുടെ അധ്യക്ഷനുമായി