Image Credit: Videograb from BCCI (x.com/BCCI)
കാഴ്ച പരിമിതിയുള്ള കുരുന്ന് ആരാധകന് തന്‍റെ ബാറ്റുകളിലൊന്ന് സമ്മാനിച്ച് ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാള്‍. ബിര്‍മിങ്ഹാമില്‍ ടെസ്റ്റ് മല്‍സരത്തിനിടെയാണ് രവി എന്ന കുരുന്നാരാധകന്‍റെ ആഗ്രഹം യശസ്വി സാധിച്ചു നല്‍കിയത്. യശസ്വി ജയ്സ്വാളിനെ ഒന്ന് കാണണം.. അതായിരുന്നു പന്ത്രണ്ടുകാരനായ രവിയുടെ ആഗ്രഹം. രവിയുടെ ആഗ്രഹവും ക്രിക്കറ്റിനോടുള്ള താല്‍പര്യവുമറിഞ്ഞ യശസ്വി നേരില്‍ കാണാന്‍ തീരുമാനിച്ചു.
രവി കാണാനെത്തുമ്പോള്‍ കൊടുക്കാനൊരു സമ്മാനവും യശസ്വി കരുതിവച്ചു. കയ്യൊപ്പ് ചാര്‍ത്തിയ ബാറ്റ്. ആ ബാറ്റില്‍ ഇങ്ങനെ എഴുതി.. 'രവിക്ക് എല്ലാ വിധ ആശംസകളും ഏറെ സ്നേഹത്തോടെ യശസ്വി'. രവി ഇഷ്ടതാരത്തെ കാണുന്നതിന്‍റെ വിഡിയോ ബിസിസിഐ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവച്ചിട്ടുണ്ട്. 'കണ്ടതില്‍ സന്തോഷം..ക്രിക്കറ്റിന്‍റെ ഇത്ര വലിയ ആരാധകനെ കാണാന്‍ കാത്തിരിക്കുകയായിരുന്നു. പക്ഷേ എനിക്കിത്തിരി ടെന്‍ഷനുമുണ്ടായിരുന്നു'വെന്നാണ് രവിയോട് യശസ്വി പറയുന്നത്. ഒരു കുഞ്ഞ് സമ്മാനമുണ്ടെന്നും എന്‍റെ ഓര്‍മയ്ക്കായി സൂക്ഷിക്കണമെന്നും താരം പറയുന്നതും വിഡിയോയില്‍ കാണാം. സ്വപ്നം സാക്ഷാത്കരിച്ച രവിയാകട്ടെ സന്തോഷം കൊണ്ട് തുള്ളിച്ചാടിയില്ലെന്നേയുള്ളൂ.
ബാറ്റ് കിട്ടുന്നതിലെ സന്തോഷവും രവി മറച്ചുവച്ചില്ല. യശസ്വി ഇന്ത്യയുടെ ഭാവി താരമാണെന്നും കളിക്കുന്നത് കാണാന്‍ ഇഷ്ടമാണെന്നും രവി തുറന്ന് പറഞ്ഞു. കാഴ്ചയ്ക്ക് പരിമിതിയുണ്ടെങ്കിലും രവിയുടെ അകക്കണ്ണില്‍ ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ഇഷ്ടത്തിന്‍റെ തിളക്കം യശസ്വിക്കും മനസിലായി. ബിര്‍മിങ്ഹാമില്‍ ആദ്യ ഇന്നിങ്സില്‍ 87 റണ്‍സെടുത്ത യശസ്വി അതിവേഗം ടെസ്റ്റില്‍ രണ്ടായിരം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് നേടിയിരുന്നു. 21 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നാണ് യശസ്വിയുടെ നേട്ടം. 23 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്ന് 2000 റണ്‍സ് തികച്ച ഗവാസ്കറായിരുന്നു ഇതുവരെ പട്ടികയിലെ ഒന്നാമന്‍. ഗംഭീര്‍ 24 ടെസ്റ്റില്‍ നിന്നും ദ്രാവിഡും സെവാഗും 25 വീതം ടെസ്റ്റില്‍ നിന്നുമാണ് നേട്ടത്തിലെത്തിയത്. ലോക ക്രിക്കറ്റില്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനാണ് ഒന്നാമന്‍ 15 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്ന് ഇതിഹാസം 2000 റണ്‍സ് നേടി.