ഇന്ത്യക്കാരെ ക്രിക്കറ്റ് ഭ്രാന്തന്‍മാരാക്കിയ ചരിത്രവിജയത്തിന്റെ ഓര്‍മയിലാണ് രാജ്യം. 42 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോര്‍ഡ്സിലെ ബാല്‍ക്കണിയില്‍ കപില്‍ ദേവ് കിരീടമേറ്റുവാങ്ങിയപ്പോള്‍ ഇന്ത്യക്കാര്‍ ക്രിക്കറ്റിനെ ഹൃദയത്തിലേയ്ക്ക് ആവാഹിച്ചു. കപിലിന്‍റെ ചെകുത്താന്‍മാര്‍ ക്രിക്കറ്റ് ലോകത്തിന് ഒരു ദൈവത്തെ വരെ സമ്മാനിച്ചു.
ലോകകപ്പിന് യാത്രതിരിക്കും മുമ്പേ റിട്ടേണ്‍ ടിക്കറ്റ് എടുത്തവച്ചവര്‍ മടങ്ങിയെത്തിയപ്പോള്‍ പത്രങ്ങളിലെ ഒന്നാം പേജിലെ തലക്കെട്ട് കായികവാര്‍ത്തയ്ക്ക് വഴിമാറി... ഒപ്പം ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റിയെഴുതപ്പെട്ട ചരിത്രവിജയമായി. ഫൈനലിലെത്തില്ലന്ന് ഉറപ്പിച്ച് സംഘാടകര്‍ ലോര്‍ഡ്സ് മൈതാനത്തേക്കുള്ള പാസുപോലും നിഷേധിച്ച ടീം വിന്‍ഡീസ് ബാറ്റിങ്ങ് നിരയെ ചീട്ടുകൊട്ടാരം പോലെ തകര്‍ത്തുകളഞ്ഞു.
കേരളത്തില്‍ ടിവിയുള്ള ഗള്‍ഫുകാരന്റെ വീടുകളില്‍ ആവേശം ലോര്‍ഡ്സിനെ പിന്നിലാക്കി. മാസങ്ങള്‍ കാത്തിരുന്ന ഫൈനല്‍ മല്‍സരം ടേപ്പിലാക്കി കണ്ടവര്‍ ബാറ്റും ബോളുമെടുത്ത് മൈതാനത്തിറങ്ങി. ഇന്ത്യയില്‍ പടര്‍ന്നുപിടിച്ച ക്രിക്കറ്റ് ജ്വരത്തില്‍ നിന്ന് ദൈവം വരെ അവതരിച്ചു. സ്പോണ്‍സര്‍മാരില്ലാത്തെ ലോര്‍ഡ്സില്‍ ഇറങ്ങി കപ്പടിച്ച ഇന്ത്യയ്ക്കായി വമ്പന്‍ ബ്രാന്‍ഡുകള്‍ കാത്തുനിന്നു. ക്രിക്കറ്റ് കായികവിനോദത്തിനപ്പുറം ഇന്ത്യയെന്ന അച്ചുതണ്ടില്‍ കറങ്ങുന്ന ബില്യണ്‍ ഡോളര്‍ ബിസിനസായി... 83ല്‍ വിന്‍ഡീസിനെ പോടിയുണ്ടോയെന്ന ചോദ്യം കേട്ടവര്‍, 42 വര്‍ഷങ്ങള്‍ക്കിപ്പുറം തിരിച്ചുചോദിക്കുന്നു. ഇന്ത്യയെ പേടിയുണ്ടോ ?.