കൂടുതല്‍ പൊലിമയോടെ കേരളാ ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പിന് അണിയറ ഉണരുന്നു. രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണ്‍, മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഇറങ്ങിയ കൗമാരതാരം വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ ഉള്‍പ്പടെ താരലേലപ്പട്ടികയില്‍. ഒരോഫ്രൈഞ്ചൈസിക്കും അന്‍പതുലക്ഷം രൂപ വരെ ചെലവിടാം. മൂന്നുവര്‍ഷത്തെ വിലക്ക് നേരിടുന്ന മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന് സഹഉടമസ്ഥാനത്ത് നിന്ന് വിട്ടുനില്‍ക്കേണ്ടിവരും.
ഇത്തവണ കേരള ക്രിക്കറ്റ് ലീഗ് കൂടുതല്‍ തിളങ്ങും. പ്രധാനമായി രണ്ട് കാരണങ്ങള്‍. തരലേലപ്പട്ടികയില്‍ ഇന്ത്യന്‍ താരം സഞ്ജുസാംസണ്‍, മുബൈ ഇന്ത്യന്‍സ് കണ്ടെത്തിയ യുവതാരം വിഘ്നേഷ് പുത്തൂര്‍ , കേരള ടീമിലാണെങ്കിലും കഴിഞ്ഞവര്‍ഷം മധ്യപ്രദേശ് ലീഗില്‍ കളിക്കേണ്ടിവന്ന ജലജ് സക്സേന തുടങ്ങിയവരൊക്കെ ഉള്‍പ്പെടുന്നു. ഫ്രാഞ്ചൈസികള്‍ക്ക് താരലേലത്തില്‍ ചെലവിടാവുന്ന തുക 35 ലക്ഷം രൂപയില്‍ നിന്ന് അരക്കോടിരൂപയാക്കി ഉയര്‍ത്തി. ക്രിക്കറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മൂന്നുവര്‍ഷത്തെ വിലക്ക് നേരിടുന്ന മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന് കൊല്ലം ഏരീസിന്റെ സഹഉടമസ്ഥാനത്ത് നിന്ന് വിട്ടുനില്‍ക്കേണ്ടിവരും. വിജയ് ഹസാരെ ട്രോഫിക്കുള്ള മല്‍സരത്തില്‍ സഞ്ജുവിനെ ഉള്‍പ്പടുത്താത്തതില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെ വിമര്‍ശിച്ചതിനെത്തുടര്‍ന്നായിരുന്നു നടപടി. ഇത്തവണ ഐക്കണ്‍ പ്ലയര്‍ ഉണ്ടാകില്ല. താരലേലം അടുത്തമാസം അഞ്ചിന് തിരുവനന്തപുരത്ത്. മല്‍സരങ്ങള്‍ ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ കാര്യവട്ടം സ്പോര്‍ട്സ് ഹബില്‍. കഴിഞ്ഞതവണത്തെപ്പോലെ ആദ്യ മത്സരം ഉച്ചയ്ക്ക് 2-നും രണ്ടാമത്തെ മത്സരം ഫ്‌ളഡ്‌ലിറ്റില്‍ വൈകീട്ട് 6.45-നും. ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, കാലിക്കറ്റ് ഗേ്‌ളാബ്സ്റ്റാര്‍സ്, തൃശ്ശൂര്‍ ടൈറ്റന്‍സ്, കൊച്ചി ബ്‌ളൂ ടൈഗേഴ്‌സ്, ആലപ്പി റിപ്പിള്‍സ് എന്നീ ആറു ടീമുകള്‍ തന്നെയായിരിക്കും രണ്ടാം എഡിഷനിലും ഏറ്റുമുട്ടുക. സച്ചിന്‍ ബേബി ക്യാപ്റ്റനായ ഏരീസ് കൊല്ലം സെയ്ലേഴ്‌സാണ് നിലവിലെ ചാംപ്യന്‍മാര്‍. താരങ്ങളെ എ, ബി, സി എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. . സഞ്ജു , സച്ചിന്‍ ബേബി, ജലജ് സക്‌സേന, മുഹമ്മദ് അസറുദീന്‍, സല്‍മാന്‍ നിസാര്‍ , രോഹ കുന്നുമ്മല്‍, ബേസില്‍ തമ്പി തുടങ്ങിയ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് താരങ്ങളെല്ലാം എ കാറ്റഗറിയിലാണ്. മൂന്നു ലക്ഷം രൂപയാണ് എ കാറ്റഗറിയില്‍പെടുന്ന താരങ്ങളുടെ അടിസ്ഥാനവില. ബി വിഭാഗത്തില്‍ 1.5 ലക്ഷവും സി വിഭാഗത്തിന് 75000 രൂപയുമാണ് അടിസ്ഥാന വില.