ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ നാളെ ഓസ്ട്രേലിയയും സൗത്ത് ആഫ്രിക്കയും നേർക്കുനേർ. ഓസ്ട്രേലിയ കിരീടം നിലനിർത്താൻ എത്തുമ്പോൾ സൗത്ത് ആഫ്രിക്കയുടെ ആദ്യ ഫൈനലാണ്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നുമണി മുതലാണ് മൽസരം. കഴിഞ്ഞതവണത്തേക്കാൾ ഇക്കുറി സമ്മാനത്തുക ഇരട്ടിയാക്കിയിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിന്‍റെ കിരീടപ്പോരാട്ടത്തിനൊരുങ്ങി ലോർഡ്സ്. ഏഴ് മൽസരങ്ങളുടെ വിജയയക്കുതിപ്പുമായാണ് ടെംബാ ബാവുമയുടെ സൗത്ത് ആഫ്രിക്ക ഓസ്ട്രേലിയയെ നേരിടാൻ എത്തുന്നത്. ഇന്ത്യ ഉൾപ്പെടെ നാല് ടീമുകളെ മറികടന്നാണ് സൗത്ത് ആഫ്രിക്ക അപ്രതീക്ഷിത ഫൈനലിസ്റ്റുകൾ ആയത്. ലഹരി മരുന്ന് ഉപയോഗിച്ചതിനുള്ള വിലക്കിന് ശേഷം കഗിസോ റബാദയും, പരുക്ക് ഭേദമായി ക്യാപ്റ്റൻ ബാവുമയും ഡേവിഡ് ബെഡിങ്ങമും സൗത്ത് ആഫ്രിക്ക നിരയിൽ മടങ്ങിയെത്തി.റബാദ നയിക്കുന്ന പേസ്നിരയിൽ 10 മാസമായി ടെസ്റ്റ് കളിച്ചിട്ടില്ലാത്ത ലുങ്കി എൻഗിടിയും 19 കാരൻ എംഫക്കയും നോർഖ്യയും ഉൾപ്പെടുന്നു.
2015 ന് ശേഷം ഓസ്ട്രേലിയ തോൽവി അറിയാത്ത വേദിയാണ് ലോർഡ്സ്. കവാജക്കൊപ്പം 19 കാരൻ സാം കോൻസ്റ്റെൻസ് ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത. പരീക്ഷണത്തിന് മുതിർന്നാൽ മാർനസ് ലബുഷെയ്ൻ ഓപ്പണിങ്ങിലേക്ക് എത്തിയേക്കാം. ശസ്ത്രക്രിയക്ക് ശേഷം എത്തുന്ന ഓൾ റൗണ്ടർ കാമറൂൺ ഗ്രീൻ ബാറ്ററുടെ റോളിൽ മാത്രമായിരിക്കും. മഴ മൽസരം തടസപ്പെടുത്തിയാൽ ഒരു റിസർവ് ദിനമുണ്ടാകും. ചാംപ്യൻമാർക്ക് 30 കോടിയും റണ്ണേഴ്സ് അപ്പിന് 18 കോടി രൂപയും ലഭിക്കും. മൽസരം സമനിലയെങ്കിൽ കിരീടം പങ്കിടും.