ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിന് ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും ഏഴു മരണം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വീകരണചടങ്ങിൽ ആഘോഷത്തിനെത്തിയവർ ഒത്തു കൂടിയതാണ് അപകടത്തിന് കാരണമായത്. 15 പേർക്ക് പരുക്കേറ്റു. 3 പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ ഒരു സ്ത്രീയുമുണ്ട്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഇതിനിടെ റോയൽ ചാലഞ്ചേഴ്സിനെ കാണാന്‍ മരത്തില്‍ കയറിയ യുവാവ് ചില്ലയൊടിഞ്ഞ് നിലത്ത് വീണു. നിരവധി പേര്‍ നിര്‍ത്തിയിട്ടിയിരുന്ന കാറിന് മുകളില്‍ കയറി വാഹനങ്ങള്‍ തകര്‍ന്നടിഞ്ഞു.
ആർസിബിയുടെ ഹോം ഗ്രൗണ്ടാണ് ചിന്നസ്വാമി സ്റ്റേഡിയം. ഐപിഎൽ കിരീടം നേടിയ ആർസിബി ടീമിന് സർക്കാരും കർണാടക ക്രിക്കറ്റ് അസോസിയേഷനുമാണ് സ്വീകരണ പരിപാടി ഒരുക്കിയിരുന്നത്. സ്റ്റേഡിയത്തിലേക്ക് വലിയ ജനകൂട്ടമെത്തിയതോടെ പലരും ബോധരഹിതരായി വീണു. കുട്ടികളെ തിരക്കുള്ള സ്ഥലത്തേക്ക് കൊണ്ടുവരരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. പ്രവേശന കവാടത്തിന് മുൻപിലാണ് വലിയ തിരക്കുണ്ടായത്.
താരങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിജയാഘോഷ പരിപാടി റദ്ദാക്കിയതായി അറിയിച്ചു. ആളുകളെ സ്ഥലത്ത് നിന്നും മാറ്റുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ ആരാധകരുടെ തിരക്ക് കാരണം വിക്ടറി പരേഡിന് നേരത്തെ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ആരാധകരുടെയും ക്ലബ്ബിന്‍റെയും വലിയ സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് വിധാന്‍സൗധയില്‍ നിന്ന് ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് പരേഡ് അനുവദിച്ചത്. വിരാട് കോലി അടക്കമുള്ള താരങ്ങള്‍ തുറന്ന വാഹനത്തില്‍ ടീമിന്റെ വിക്ടറി പരേഡില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. പരേഡിന് മുന്‍പാണ് തിക്കിലും തിരക്കിലും അപകടം ഉണ്ടായത്.