image:x

image:x

വെറും രണ്ട് റണ്‍സിന് ഒരു ടീം ഓള്‍ഔട്ടാവുക! ആ രണ്ട് റണ്‍സില്‍ ഒന്ന് സിംഗിള്‍, മറ്റേത് വൈഡ്! കണ്ടംകളിയില്‍ പോലും ഇത് സംഭവിക്കുകയില്ലെന്ന് പറയാന്‍ വരട്ടെ. ക്രിക്കറ്റിന്‍റെ ഈറ്റില്ലമായ ഇംഗ്ലണ്ടിലെ റിച്ച്മോണ്ട് ക്രിക്കറ്റ് ക്ലബാണ് ഈ നാണംകെട്ട റെക്കോര്‍ഡിനുടമകള്‍. ശനിയാഴ്ച മിഡില്‍സെക്സ് കൗണ്ടി ലീഗ് മാച്ചിനിടയിലായിരുന്നു അത്യപൂര്‍വമായ ഈ പുറത്താവല്‍. നോര്‍ത്ത് ലണ്ടന്‍ ക്രിക്കറ്റ് ക്ലബ് കുറിച്ച 427 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയതാണ് റിച്ച്മോണ്ട്.

richmond-club-county

ടോസ് നേടിയ റിച്ച്മോണ്ട് ടീം  ഫീല്‍ഡിങ് തിരഞ്ഞെടുത്തു. നോര്‍ത്ത് ലണ്ടന്‍റെ ബാറ്റര്‍മാര്‍ തകര്‍ത്തടിച്ചു. 45 ഓവറില്‍ ഗ്രൗണ്ടിന് തലങ്ങും വിലങ്ങും അടിച്ചു പറത്തി, ആറു വിക്കറ്റ് നഷ്ടത്തില്‍ 426 റണ്‍സ്! പിന്നീടായിരുന്നു ഗ്രൗണ്ടിലെ 'കൂട്ടക്കൊല'! മറുപടി ബാറ്റിങിനിറങ്ങിയ റിച്ച്മോണ്ടിന്‍റെ ബാറ്റര്‍മാരെല്ലാവരും കൂടി നേരിട്ടത് 34 പന്തുകളാണ്. അതിലാകെ കിട്ടിയത് രണ്ട് റണ്‍സ്. വൈഡ് കൂടി ഇല്ലായിരുന്നുവെങ്കില്‍ സിംഗിളിലൊതുങ്ങിയേനെ. എട്ട് ഡക്ക്! കാണികളും എന്തിന് നോര്‍ത്ത് ലണ്ടന്‍ ടീം വരെ മൂക്കത്ത് വിരല്‍ വച്ചു.

തോറ്റമ്പിയെങ്കിലും ദുരന്തം കോമഡിയാക്കി ക്ലബ്, സോഷ്യല്‍ മീഡിയയിലും പോസ്റ്റിട്ടു. പരുക്കിനെ തുടര്‍ന്ന് റിച്ച്മോണ്ടിന്‍റെ ബാറ്റര്‍മാരില്‍ ഒരാള്‍ക്ക് കൈവിരലിനും മറ്റൊരു താരത്തിന് ഹാംസ്ട്രിങ് മസിലിനും പരുക്കേറ്റിരുന്നു. മൂന്നാമന്‍റെ തലയില്‍ പന്ത് അടിച്ച് കൊള്ളുകയും ചെയ്തു. സ്കോര്‍ കാര്‍ഡ് എന്തായാലും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

1854 ല്‍ വെസ്റ്റ് ലണ്ടനില്‍ സ്ഥാപിക്കപ്പെട്ട ക്രിക്കറ്റ് ക്ലബാണ് റിച്ച്മോണ്ട്. ആദം ഗില്‍ക്രിസ്റ്റ് പണ്ടിവിടെയാണ് ക്രിക്കറ്റിന്‍റെ ബാലപാഠങ്ങള്‍ പഠിച്ചതെന്നായിരുന്നു ഒരുകാലത്ത് റിച്ച്മോണ്ട് ക്ലബ് അഭിമാനിച്ചിരുന്നത്. എന്നാലിന്ന് അമച്വര്‍ ക്രിക്കറ്റിലെ തന്നെ ഏറ്റവും നാണംകെട്ട സ്കോറും റിച്ച്മോണ്ടിന്‍റെ പേരിലായി. 

ENGLISH SUMMARY:

In an astonishing turn of events, Richmond Cricket Club was bowled out for just 2 runs while chasing a target of 427 against North London CC in the Middlesex County League. One run came off the bat and the other was a wide delivery. Eight players were dismissed for ducks.