India's bowlers Mohammed Shami (L) and Jasprit Bumrah attend a training session at the Hampshire Bowl in Southampton on June 20, 2019, ahead of their 2019 World Cup cricket match against Afghanistan. (Photo by Saeed KHAN / AFP)
അടുത്തമാസം ഇംഗ്ലണ്ടിലാരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഉണ്ടായേക്കില്ലെന്ന് സൂചന. ഫിറ്റ്നസ് പ്രശ്നങ്ങളെ തുടര്‍ന്നാണ് ഇരുവരെയും ഒഴിവാക്കുകയെന്ന നിര്‍ണായക തീരുമാനത്തിലേക്ക് ബിസിസിഐ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജൂണ്‍ 20നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുക. ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണ്. രോഹിത് ശര്‍മയും കോലിയുമില്ലാത്ത ബാറ്റിങ്നിരയ്ക്കൊപ്പം റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ബുമ്രയും ഷമിയും ഇല്ലാത്ത ബോളിങ് നിരയും കൂടിയാകുമ്പോള്‍ പ്രതിസന്ധി ഉണ്ടായേക്കാം. ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയ്ക്കുണ്ടായിരുന്ന ടീമില്‍ കോലിക്കും രോഹിതിനും പകരക്കാര്‍ വരുന്നതിന് പുറമെ പുതുമുഖങ്ങളും ഇടംപിടിക്കുമെന്നാണ് സൂചന.
TOPSHOT - India's Jasprit Bumrah adjusts his cap on the fourth day of the fourth cricket Test match between Australia and India at the Melbourne Cricket Ground (MCG) in Melbourne on December 29, 2024. (Photo by William WEST / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --
അഞ്ച് ടെസ്റ്റും കളിക്കാന്‍ പറ്റില്ല
മൂന്ന് മല്‍സരങ്ങളില്‍ കൂടുതല്‍ കളിക്കാന്‍ ശരീരം അനുവദിക്കുമെന്ന് തോന്നുന്നില്ലെന്ന് ബുമ്ര ബിസിസിഐയെ അറിയിച്ചതായാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അഞ്ചു ടെസ്റ്റുകളുള്ള പരമ്പരയിലേക്ക് ബുമ്രയെ ഉള്‍പ്പെടുത്തണോ അതോ അഞ്ച് ടെസ്റ്റും കളിക്കാന്‍ ശാരീരികക്ഷമതയുള്ളയാള്‍ക്ക് അവസരം കൊടുക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് ബിസിസിഐ എന്നും റിപ്പോര്‍ട്ട് പറയുന്നു. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അഞ്ച് ടെസ്റ്റുകളും കളിച്ച താരം പുറത്തിനേറ്റ പരുക്കിനെ തുടര്‍ന്ന് അഞ്ചാം ടെസ്റ്റിന്‍റെ അവസാന മല്‍സരം കളിച്ചില്ല. പരമ്പരയില്‍ ഇന്ത്യ ദയനീയമായി ഓസീസിനോട് തോല്‍ക്കുകയും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ നിന്ന് പുറത്താവുകയും ചെയ്തു. പരമ്പരയിലെ ഏക ജയം ബുമ്ര നായകനായിരുന്ന പെര്‍ത്ത് ടെസ്റ്റിലായിരുന്നു.
ഷമി ഫിറ്റല്ല! ഒഴിവാക്കാന്‍ ബിസിസിഐ?
ഇന്ത്യന്‍ ടീമിലേക്കുള്ള മുഹമ്മദ് ഷമിയുടെ മടങ്ങിവരവ് നീളുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇംഗ്ലണ്ട് പര്യടനത്തിനും താരം ടീമില്‍ ഇടം പിടിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അഞ്ച് ടെസ്റ്റുകള്‍ കളിക്കാനുള്ള ശാരീരിക ക്ഷമത ഷമിക്കില്ലെന്നാണ് ബിസിസിഐയുടെ വിലയിരുത്തലെന്ന് ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫൊ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷമിയുടെ ഫിറ്റ്നസ് പരിശോധിക്കുന്നതിനായി മെഡിക്കല്‍ സംഘം ലക്നൗവിലെത്തിയിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രതികൂലമാണെങ്കില്‍ ഷമിയും ടീമിലുണ്ടാവില്ല. ഇത് സംബന്ധിച്ച സൂചനകള്‍ മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ക്ക് സംഘം നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐപിഎലില്‍ നാലോവര്‍ ഷമി എറിഞ്ഞിരുന്നുവെങ്കിലും ടെസ്റ്റില്‍ പത്തോവര്‍ എറിയാനുള്ള ഫിറ്റ്നസ് ഷമിക്കില്ലെന്നാണ് വിലയിരുത്തല്‍. ഇംഗ്ലണ്ടിലെ കളിയില്‍ പേസര്‍മാരുടെ കാര്യത്തില്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നത് ശരിയാവില്ലെന്ന വിലയിരുത്തലും ബോര്‍ഡിനുണ്ട്.
Cricket - India v South Africa - First Test cricket match - Newlands Stadium, Cape Town, South Africa - 05/01/2018. India's Mohammed Shami acknowledges the crowd. REUTERS/Sumaya Hisham
കണങ്കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി 34കാരനായ ഷമി ടീമിന് പുറത്താണ്. ഫെബ്രുവരിയില്‍ താരം പരുക്കില്‍ നിന്ന് മോചിതനായെയങ്കിലും വലത്തേ കാല്‍മുട്ടിന് വേദനയുണ്ടാവുകയും ഇതിന് ചികില്‍സ തേടുകയുമായിരുന്നു. 2023 സെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസിനെതിരായിട്ടാണ് ഷമി അവസാനമായി കളിച്ചത്.
പകരക്കാരന്‍ ആര്? പുതുമുഖങ്ങള്‍ പരിഗണനയില്‍
മുഹമ്മദ് ഷമിക്ക് ടെസ്റ്റ് ടീമില്‍ അവസരം ലഭിച്ചില്ലെങ്കില്‍ ഇടങ്കയ്യന്‍ പേസറായ അര്‍ഷ്ദീപ് സിങ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും. ഹരിയാന താരവും വലങ്കയ്യന്‍ സീമറുമായ അന്‍ഷുള്‍ കാംബോജും ഷമിക്ക് പകരക്കാരനായി പരിഗണനയിലുണ്ട്. 22 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 74 വിക്കറ്റുകളാണ് അന്‍ഷുളിന്‍റെ സമ്പാദ്യം. നിലവില്‍ ഇംഗ്ലണ്ടിനെതിരായ ഇന്ത്യ എ ടീമില്‍ അന്‍ഷുള്‍ ഇടംപിടിച്ചിട്ടുണ്ട്.