രഞ്ജി ട്രോഫിയിൽ അടുത്ത തവണ കപ്പടിക്കുമെന്ന് കേരള രഞ്ജി താരങ്ങൾ മനോരമ ന്യൂസിനോട്. ഫൈനൽ പ്രവേശനം സാധ്യമാക്കിയ ഭാഗ്യ ഹെൽമറ്റ് കെസിഎയ്ക്ക് കൈമാറും. അവസാന രണ്ടിൽ എത്തിയത് കഠിന പ്രയത്നത്തിലൂടെയാണെന്ന് ക്യാപ്റ്റൻ സച്ചിൻ ബേബി പറഞ്ഞു. വൈകിട്ട് ആറിന് സംസ്ഥാന സർക്കാർ തരങ്ങൾക്ക് ഔദ്യോഗിക സ്വീകരണം നൽകും.
കേരളത്തിന്‍റെ ക്രിക്കറ്റ് ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത രഞ്ജി സീസണാണ് ടീം സമ്മാനിച്ചത്. ചരിത്രത്തിലേക്ക് നടന്നു കയറിയ നിമിഷങ്ങളെ അടയാളപ്പെടുത്തിയായിരുന്നു ജന്മനാട്ടിൽ താരങ്ങൾക്ക് ലഭിച്ച ഓരോ സ്വീകരണവും. ഒരു മത്സരം പോലും തോൽക്കാതെ ഫൈനൽ വരെ എത്തി. ഫൈനലിലും വീറോടെ പൊരുതിയാണ് കേരളം മടങ്ങിയെത്തിയത്.
കേരളത്തിന്‍റേത് പ്രതിസന്ധികളെ മറികടന്ന പോരാട്ടമെന്ന് ക്യാപ്റ്റൻ സച്ചിൻ ബേബി മനോരമ ന്യൂസിനോട് പറഞ്ഞു. ടൂർണമെന്‍റില്‍ കേരളത്തെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പരിശീലകൻ അമയ് ഖുറേസിയ അടുത്ത സീസണിലും കേരള ടീമിനൊപ്പം തുടരും. ഓഫ് സീസണിൽ തന്നെ പരിശീലന പര്യടനങ്ങളും ക്യാംപുകളും ഉണ്ടാകും. ബാറ്റിങ്ങിൽ ഓപ്പണിങ് ഉൾപ്പെടെ മുൻനിരയിലാണ് കേരളം ഇത്തവണ ചരിത്രം രചിച്ചത്.