കേരളത്തിനെതിരെ സെഞ്ചറി നേടിയ വിദര്‍ഭ താരം കരുണ്‍ നായരുടെ ആഹ്ലാദം.
രഞ്ജി ട്രോഫി ഫൈനലില്‍ ഒരുദിവസം ശേഷിക്കെ കേരളത്തിനെതിരെ വിദര്‍ഭ ശക്തമായ നിലയില്‍. അവസാന ദിവസത്തിലേക്ക് മത്സരം കടക്കുമ്പോള്‍ വിദര്‍ഭയുടെ ലീഡ് 286 റണ്‍സിലെത്തി. നാലാം ദിനം നാലുവിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സന്ന നിലയിലാണ് വിദര്‍ഭ മത്സരം അവസാനിപ്പിച്ചത്. 132 റണ്‍സ് നേടിയ കരുണ്‍ നായരും നാല് റണ്‍സുമായി അക്ഷയ് വാഡ്കറുമാണ് ക്രീസില്‍.
സീസണിലെ ഒന്‍പതാം സെഞ്ചുറി നേടിയ കരുണ്‍ നായരുടെ പ്രകടനമാണ് വിദര്‍ഭയെ കീരീടത്തോട് അടുപ്പിച്ചത്. 31 റണ്‍സില്‍ നില്‍ക്കെ കരുണ്‍ നായരെ അക്ഷയ് ചന്ദ്രന്‍ കൈവിട്ടത് നാലാം ദിനത്തിന്റെ ഗതിനിര്‍ണയിച്ച നിമിഷമായി. 184 പന്തുകൾ നേരിട്ട താരം രണ്ട് സിക്സുകളും ഏഴു ഫോറുകളും അടിച്ചാണ് സെഞ്ചറിയിലെത്തിയത്.
പിന്തുടര്‍ന്ന് വിജയിക്കുക എന്ന ഒറ്റലക്ഷ്യം മാത്രം മുന്നില്‍കണ്ട് ഇറങ്ങിയ കേരളത്തിന് നാലാം ദിനം കിട്ടിയത് സ്വപ്നതുടക്കമായിരുന്നു. മൂന്നോവറിനകം ഓപ്പണര്‍മാര്‍ മടങ്ങി. ഒരു റണ്‍സെടുത്ത പാർത്ഥ് രേഖഡെയെ ജലക് സക്സേനെ ബൗള്‍ഡാക്കി. അഞ്ച് റണ്‍സെടുത്ത ധ്രുവ് ഷൊറെയ്‍യുടെ വിക്കറ്റ് എംഡി നിധീഷിന്. വിദര്‍ഭ രണ്ടുവിക്കറ്റിന് ഏഴുറണ്‍സെന്ന നിലയില്‍ പരുങ്ങിയെങ്കിലും കരുണ്‍ നായരും ഡാനിഷ് മലേവറും ചേര്‍ന്ന് മൂന്നാം വിക്കറ്റിലുണ്ടാക്കിയ സെഞ്ചറി കൂട്ടുകെട്ടാണ് കേരളത്തിന്‍റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായത്.
ഡാനിഷ് മലേവര്‍– കരുണ്‍ നായര്‍ കൂട്ടുകെട്ട് 182 റണ്‍സ് നേടി. 73 റണ്‍സെടുത്ത ഡാനിഷിന്‍റെ വിക്കറ്റ് അക്ഷയ് ചന്ദ്രനാണ്. യഷ് റാത്തോഡിനെ സര്‍വാത്രകെ പുറത്താക്കി.
അവസാന ദിവസത്തിലേക്ക് കടന്നതോടെ രഞ്ജി കിരീടം ആര്‍ക്കെന്ന് നിശ്ചയിക്കാന്‍ ഇനി അവശേഷിക്കുന്നത് 90 ഓവറുകളാണ്. കേരളത്തിന് ഇനി വിജയിക്കണമെങ്കില്‍ അഞ്ചാം ദിനം വിദര്‍ഭയെ വേഗത്തില്‍ പുറത്താക്കി വിജയ റണ്‍ നേടേണ്ടി വരും. ഇതിനോടകം ലീഡ് 286 റണ്‍സ് കടന്ന സ്ഥിതിക്ക് കേരളത്തിന്‍റെ വിജയ സാധ്യതകള്‍ എത്രയെന്ന് പറയുക അസാധ്യം.