danish-malewar-century

രഞ്ജി ട്രോഫി ഫൈനലില്‍ സെഞ്ചറി നേടിയ ഡാനിഷ് മലേവാര്‍ കാണികളെ അഭിവാദ്യം ചെയ്യുന്നു

തുടക്കത്തില്‍ പതറിയെങ്കിലും മധ്യനിരയുടെ കരുത്തില്‍ രഞ്ജി ട്രോഫി ഫൈനലില്‍ ശക്തമായ തിരിച്ചുവരവുനടത്തി വിദര്‍ഭ. ഉജ്വലഫോമിലുള്ള ഡാനിഷ് മലേവാറിന്‍റെ സെഞ്ചറിയാണ് കലാശപ്പോരിന്‍റെ ഒന്നാംദിനം വിദര്‍ഭയ്ക്ക് കരുത്തായത്. ഒപ്പം മലയാളിതാരം കരുണ്‍ നായരുടെ മികച്ച പ്രകടനവും ആതിഥേയര്‍ക്ക് തുണയായി. 171 പന്തില്‍ 12 ബൗണ്ടറികളുടെയും രണ്ട് സിക്സിന്‍റെയും അകമ്പടിയോടെയാണ് മലേവാര്‍ സെഞ്ചറി തികച്ചത്. കരുണ്‍ അര്‍ധസെഞ്ചറിക്കരികിലാണ്. ചായസമയത്ത് വിദര്‍ഭ മൂന്നുവിക്കറ്റിന് 170 റണ്‍സെടുത്തു. മലേവാര്‍–കരുണ്‍ സഖ്യം ഈസമയത്ത് നാലാംവിക്കറ്റില്‍ 146 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.

ranji-final-malewar

രഞ്ജി ട്രോഫി ഫൈനലില്‍ ഡാനിഷ് മലേവാറും (മധ്യത്തില്‍) കരുണ്‍ നായരും കേരള ബോളര്‍ എംഡി നിധീഷും

ടോസ് നേടി വിദര്‍ഭയെ ബാറ്റിങ്ങിനയച്ച കേരളത്തിന്‍റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ആദ്യ രണ്ട് മണിക്കൂറുകള്‍. വെറും 24 റണ്‍സെടുക്കുന്നതിനിടെ വിദര്‍ഭയ്ക്ക് മൂന്ന് മുന്‍നിര ബാറ്റര്‍മാരെ നഷ്ടമായി. ഉജ്വലപ്രകടനം കാഴ്ചവയ്ക്കുന്ന പേസര്‍ എം.ഡി.നിധീഷ് രണ്ടാം പന്തില്‍ പാര്‍ഥ് റേഖഡെയെ പുറത്താക്കി. ഏഴാം ഓവറില്‍ ദര്‍ശന്‍ നല്‍ഖണ്ഡെയെ നിധീഷ് ബേസിലിനെ കൈകളിലെത്തിച്ചു. അധികം വൈകാതെ രണ്ടാമത്തെ ഓപ്പണര്‍ ധ്രുവ് ഷോറെ ഈഡന്‍ ആപ്പിള്‍ ടോമിന്‍റെ പന്തില്‍ കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി.

md-nidheesh

രഞ്ജി ട്രോഫി ഫൈനലില്‍ ബോള്‍ ചെയ്യുന്ന കേരളതാരം എം.ഡി.നിധീഷ്

വിദര്‍ഭ സ്കോര്‍ മൂന്നിന് 24 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ഡ‍ാനിഷ് മലേവാറും കരുണ്‍ നായരും ഒന്നിച്ചത്. കേരള പേസര്‍മാരെയും സ്പിന്നര്‍മാരെയും ജാഗ്രതയോടെ നേരിട്ട സഖ്യം അനായാസം മുന്നേറി. നിധീഷിനും ഈഡനുമൊപ്പം കേരളത്തിന്‍റെ വിദര്‍ഭ താരം ആദിത്യ സര്‍വാതെയും ജലജ് സക്സേനയും ബേസിലും നന്നായി പന്തെറിഞ്ഞെങ്കിലും വിക്കറ്റ് കിട്ടിയില്ല.

ranji-kerala-celebrate

രഞ്ജി ഫൈനലില്‍ വിദര്‍ഭയുടെ പാര്‍ഥ് റേഖഡെയുടെ വിക്കറ്റെടുത്ത കേരള താരങ്ങളുടെ ആഹ്ളാദം

നാഗ്പുരിലാണ് രഞ്ജി ട്രോഫി ഫൈനല്‍ അരങ്ങേറുന്നത്. രണ്ടുതവണ ജേതാക്കളായ വിദര്‍ഭയുടെ നാലാം ഫൈനലാണിത്. കേരളം ചരിത്രത്തിലാദ്യമായാണ് രഞ്ജി ട്രോഫി ഫൈനല്‍ കളിക്കുന്നത്. ഒന്നാമിന്നിങ് ലീഡ് നിര്‍ണായകമായതിനാല്‍ വിദര്‍ഭയെ പരമാവധി കുറഞ്ഞ സ്കോറില്‍ ഒതുക്കാനാണ് കേരളത്തിന്‍റെ ശ്രമം. രണ്ടാംദിനം മുതല്‍ മികച്ച ബാറ്റിങ് ട്രാക്കായിരിക്കുമെന്ന സൂചനയാണ് നാഗ്പുര്‍ പിച്ച് നല്‍കുന്നത്. 

ENGLISH SUMMARY:

Vidarbha made a strong comeback in the Ranji Trophy final after an early collapse, thanks to Danish Malewar’s century and Karun Nair’s solid support. Malewar scored a brilliant hundred off 171 balls with 12 fours and 2 sixes, while Nair neared his half-century. By tea, the duo had built a crucial 146-run partnership for the fourth wicket. Kerala initially dominated after electing to bowl, reducing Vidarbha to 24/3 in the first two hours. Pacer M.D. Nidheesh struck early, dismissing Parth Rekhade and Darshan Nalkande, while Eden Apple Tom removed Dhruv Shorey. The match is being played in Nagpur, where the pitch is expected to become more batting-friendly from the second day onward.