ലോകത്തെ മാറ്റിമറിക്കാൻ കായിക വിനോദത്തിനാകും, ആളുകളെ ബന്ധിപ്പിക്കാനുള്ള ശക്തി അതിനുണ്ടെന്ന് പറഞ്ഞത് നെൽസൺ മണ്ടേലയാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ 1.6 ബില്യൺ ജനങ്ങളെ ഒന്നിപ്പിക്കുന്ന പോരാട്ടമാണ് ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം. ലോകത്തിലെ വലിയൊരു അളവ് ജനങ്ങളും സ്ക്രീനിനു മുന്നിൽ മത്സരം കാത്തിരിക്കുമ്പോള്‍ പിറക്കുന്നത് കോടികളുടെ ബിസിനസും. ഇന്ത്യ- പാക് മത്സരങ്ങളുടെ ആരവം അത്രമേൽ ഉയർത്തുന്നതിന് കാരണങ്ങളിലൊന്നും ഇത് തന്നെ.
ഇന്ത്യ–പാക് മത്സരം മസ്റ്റ്
ഇന്ത്യ-പാകിസ്ഥാൻ മത്സരം ഇല്ലാത്തൊരു ഐസിസി ടൂർണമെൻറ് ചിന്തിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല. കാരണം കണക്കുകള്‍ അതിനോട് യോജിക്കുന്നതാണ്. 2024-2027 സൈക്കിളിലെ ഐസിസി മത്സരങ്ങളുടെ സംപ്രേക്ഷണ അവകാശം വിറ്റത് 320 കോടി ഡോളറിനാണ്. ഇതിൽ വലിയൊരു വരുമാനം വഴി ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങളാണ്. കാഴ്ചക്കാരുടെ റെക്കോർഡുകൾ തകർക്കുന്ന മത്സരം ബ്രോഡ്കാസ്റ്ററുടെയും ഐസിസിയുടെയും വരുമാന വഴിയാണ്.
ഉദാഹരണമായി 2023 ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം ഇന്ത്യയിൽ ടിവിയിൽ കണ്ടത് 17.3 കോടി പേരാണ്. 22.5 കോടി പേർ ഡിജിറ്റൽ കാഴ്ചക്കാരായുമുണ്ട്. 2021 ലെ ട്വൻറി 20 ലോകകപ്പിന്‍റെ കണക്കെടുത്താൽ 16.7 കോടി കാഴ്ചക്കാർ. കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യ പാക് മത്സരങ്ങള്‍ ഉണ്ടാക്കുന്ന വരുമാനം 10,000 കോടിക്ക് മുകളിലാണെന്നാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കണക്ക്.
സെക്കന്‍ഡിന് ലക്ഷങ്ങള്‍
ആവേശം ഇരട്ടിയാകുന്നതിനാല്‍ ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങളുടെ പരസ്യ നിരക്കുകള്‍ എപ്പോഴും പ്രീമിയത്തിലാണ്. ഇത്തവണയിത് 100 ശതമാനം വരെ ഉയര്‍ന്നു. ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്റെ പരസ്യ സ്ലോട്ടുകൾക്ക് 10 സെക്കൻഡ് പരസ്യത്തിന് 50 ലക്ഷം രൂപയാണ് ഈടാക്കുന്നതെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. മറ്റ് മത്സരങ്ങള്ക്ക് ഈടാക്കുന്ന പരസ്യ നിരക്കിന്റെ ഇരട്ടിയാണിത്.
2024 ലെ ട്വന്‍റി 20 ലോകകപ്പില്‍ പരസ്യ സ്ലോട്ടുകൾ 10 സെക്കൻഡിന് 40 ലക്ഷം രൂപയ്ക്കാണ് വിറ്റത്. 2023 ലെ ഏകദിന ലോകകപ്പിലെ ഇന്ത്യ– പാക് മത്സരത്തിൽ 10 സെക്കൻഡ് പരസ്യ സ്ലോട്ട് വിറ്റത് 30 ലക്ഷം രൂപയ്ക്ക്. സാധാരണയായി ഇന്ത്യന്‍ മത്സരങ്ങളുടെ 10 സെക്കൻഡ് സ്ലോട്ടിന് ശരാശരി 20 ലക്ഷം രൂപ ലഭിക്കും.