ദുബായില്‍ നാളെ നടക്കുന്ന ഇന്ത്യ–പാക്കിസ്ഥാന്‍ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ ജയിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം അതുല്‍ വാസന്‍. ന്യൂസീലാന്‍ഡിനെതിരെ ആദ്യ മല്‍സരത്തില്‍ 60 റണ്‍സിനാണ് പാക്കിസ്ഥാന്‍ പരാജയപ്പെട്ടത്. മോശം ഫോം തുടരുന്ന പാക് ടീം , ബംഗ്ലദേശിനെതിരെ ജയിച്ചുവരുന്ന ഇന്ത്യയെ എങ്ങനെ നേരിടുമെന്ന ചര്‍ച്ച കൊഴുക്കുന്നതിനിടെയാണ് പാക്കിസ്ഥാനെ തുണച്ച് അതുല്‍വാസന്‍ രംഗത്തെത്തിയത്.
പാക്കിസ്ഥാന്‍ ജയിക്കണമെന്നാണ് എന്‍റെ ആഗ്രഹം. ടൂര്‍ണമെന്‍റ് വച്ച് നോക്കിയാല്‍ അതാണ് അതിന്‍റെയൊരു ഭംഗി. പാക്കിസ്ഥാന്‍ ജയിച്ചില്ലെന്ന് കരുതുക. നിങ്ങളെന്ത് ചെയ്യും? അതേസമയം, പാക്കിസ്ഥാന്‍ ജയിച്ചാല്‍ പിന്നീടും മല്‍സരം ശേഷിക്കും. ശേഷമുള്ള മല്‍സരങ്ങള്‍ കാണാനെങ്കിലും രസമുണ്ടാകും'- വാസന്‍ എഎന്‍ഐയോട് പറഞ്ഞു.
ഇന്ത്യയുടെ ടീം സന്തുലിതമാണെന്നും ദുബായിലെ പിച്ച് ലക്ഷ്യമിട്ട് കൂടുതല്‍ സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശുഭ്മന്‍ ഗില്‍, രോഹിത്, വിരാട് കോലി എന്നിങ്ങനെ മികച്ച ബാറ്റര്‍മാര്‍ ഇന്ത്യയ്ക്കുണ്ട്. എട്ടാം നമ്പറില്‍ ഇറങ്ങിയാലും തകര്‍ത്തടിക്കുന്ന അക്സര്‍ പട്ടേലുണ്ട്. നിലവിലെ സാഹചര്യങ്ങളെല്ലാം ഇന്ത്യയ്ക്ക് അനുകൂലമാണെന്നും വാസന്‍ കൂട്ടിച്ചേര്‍ത്തു.