ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ പിന്തുണക്കുന്ന തരത്തില്‍ സംസാരിച്ചതിന്റെ പേരില്‍ മുന്‍ ഇന്ത്യന്‍താരം എസ്. ശ്രീശാന്തിന് കാരണംകാണിക്കല്‍ നോട്ടിസ്. ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നും ഇല്ലെങ്കില്‍ നടപടി പ്രതീക്ഷിക്കാമെന്നും കേരളക്രിക്കറ്റ് അസോസിയേഷന്‍. കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കൊല്ലം സെയ്‌ലേഴ്സ് ടീമിന്റെ സഹ ഉടമ എന്ന നിലയിൽ ശ്രീശാന്ത് ചട്ടലംഘനം നടത്തിയെന്നാണ് നോട്ടിസിലുള്ളത്.
ചാംപ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിനെ തഴഞ്ഞത് വലിയ വാര്‍ത്തയും വിവാദവുമായിരുന്നു. ഇതിനുപിന്നില്‍ കെസിഎയുടെ കയ്യുണ്ടെന്ന തരത്തിലൊക്കെ വിവാദങ്ങള്‍ ഉയര്‍ന്നു. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിൽനിന്ന് സഞ്ജുവിനെ ഒഴിവാക്കിയതാണ് ചാംപ്യൻസ് ട്രോഫി ടീമിൽ ഇടം ലഭിക്കാത്തതിനു കാരണമെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന വിമർശനം.
വിവാദം കത്തുന്നതിനിടെയായിരുന്നു സഞ്ജുവിനെ തുണച്ച് ശ്രീശാന്ത് രംഗത്തെത്തിയത്. കേരളത്തില്‍ നിന്നുള്ള രാജ്യാന്തര താരമെന്ന നിലയില്‍ സഞ്ജുവിനൊപ്പം നില്‍ക്കണമെന്നും ക്രൂശിക്കരുതെന്നുമായിരുന്നു ശ്രീശാന്ത് പറഞ്ഞത്.
വിവാദം പുകയുന്നതിനിടെ സഞ്ജുവിനെ പിന്തുണച്ച് ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള രാജ്യാന്തര താരമെന്ന നിലയിൽ സഞ്ജുവിനെ പിന്തുണയ്‌ക്കണമെന്നും ക്രൂശിക്കരുതെന്നുമായിരുന്നു ശ്രീശാന്തിന്റെ അഭ്യർഥന. കെസിഎൽ ടീമിന്റെ സഹ ഉടമ എന്ന നിലയിൽ കെസിഎയുമായി കരാറുള്ള ശ്രീശാന്തിന്റെ ഇത്തരം പ്രതികരണങ്ങൾ അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയാണ് താരത്തിന് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. പൊതുസമൂഹത്തിനു മുന്നിൽ കെസിഎയുടെ പ്രതിച്ഛായ ഇടിക്കുന്നതാണ് പരാമർശങ്ങളെന്നും നോട്ടിസിൽ ചൂണ്ടിക്കാട്ടുന്നു.