TOPICS COVERED

ഇന്ത്യന്‍ ക്രിക്കറ്റില്‍ അശ്വിന്‍ യുഗത്തിന് അവസാനം. ഗാബ ടെസ്റ്റ് മല്‍സരത്തിന് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കൊപ്പമെത്തിയാണ് ഇതിഹാസതാരം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 106 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്ന് അഞ്ഞൂറിലേറെ വിക്കറ്റും മൂവായിരത്തിലേറെ റണ്‍സും നേടിയാണ് അശ്വിന്റെ പടിയിറക്കം 

മഴതടസപ്പെടുത്തിയ ഗാബ ടെസ്റ്റ് അവസാന മണിക്കൂറിനോട് അടുക്കെ ബിഗ് സ്്ക്രീനില്‍ ഒരു ചിത്രം തെളിഞ്ഞു. അശ്വിനെ കെട്ടിപ്പിടിച്ചിരിക്കുന്ന വിരാട് കോലി. നിറകണ്ണുകളോടെ സ്പിന്‍ ഇതിഹാസം. ഒറ്റ ഫ്രെയിമില്‍ നിന്ന് വിരമിക്കല്‍ സൂചന വായിച്ചെടുത്ത ആരാധകര്‍ക്ക് മുന്നിലേക്ക് മല്‍സരത്തിനൊടുവിലെ വാര്‍ത്താസമ്മേളനത്തിന് അശ്വിനെത്തി. മിനിറ്റുകള്‍ മാത്രം നീണ്ട വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ ജേഴ്സിയണിയുന്ന അവസാന ദിനമായിരിക്കും ഇന്നെന്ന് പറഞ്ഞ് അശ്വിന്‍ നായകന് വഴിമാറി 

2010ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി പുറത്തെടുത്ത പ്രകടനമാണ് ചെന്നൈക്കാരന്‍ സ്പിന്നറെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. സച്ചിനില്‍ നിന്ന് ഇന്ത്യയുടെ നീലതൊപ്പി സ്വീകരിച്ച് രാജ്യാന്തര അരങ്ങേറ്റം. ഹര്‍ഭജന്‍ സിങ്ങിന്റെ വിരമിക്കലിന് ശേഷം ഇന്ത്യയുടെ വിശ്വസ്തനായി മാറിയ ആശ്വിന്റെ വിശ്വരൂപം കണ്ടത് 2016ല്‍. 500ലേറെ റണ്‍സും അന്‍പതിലേറെ വിക്കറ്റും വീഴ്ത്തിയ വര്‍ഷം ഐസിസിയുടെ മികച്ച താരവും മികച്ച ടെസ്റ്റ് താരവുമായി. ജൂനിയര്‍ താരമായിരിക്കെ ഓപ്പണിങ് ബാറ്ററായിരുന്ന അശ്വിന്‍ രാജ്യാന്തര കരിയറില്‍ ബാറ്റിങ് മികവ് പതിയെ മിനുക്കിയെടുക്കുന്നതാണ് കണ്ടത്. 6 സെഞ്ചറിയും 14 അര്‍ദ്ധസെഞ്ചറിയും കുറിച്ചു. മുന്‍നിര തകര്‍ന്ന മല്‍സരങ്ങളില്‍ വാലറ്റത്തെകൂട്ടുപിടിച്ച് അശ്വിന്‍ നേടിയ ഓരോ റണ്ണും ഓരോ വിക്കറ്റോളം ഇന്ത്യയ്ക്ക് വിലപ്പെട്ടതായി. ടെസ്റ്റില്‍ ഏറ്റവുമധികം പ്ലെയര്‍ ഓഫ് ദി സീരീസ് നേടിയ താരം പടിയിറങ്ങുമ്പോള്‍ അശ്വിന് മുന്‍പും ശേഷവുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റിനെ വിഭജിച്ചുകഴിഞ്ഞു ആരാധകര്‍.

ENGLISH SUMMARY:

Spin wizard Ashwin retires from international cricket