വാലറ്റത്തിന്‍റെ വീരോചിത പ്രകടനത്തിന്‍റെ ബലത്തില്‍ ബ്രിസ്ബെയ്ന്‍ ടെസ്റ്റില്‍ ഫോളോ ഓണ്‍ നാണക്കേടില്‍ നിന്ന് രക്ഷപെട്ട് ഇന്ത്യ. ഗാബയില്‍ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് 246 റണ്‍സ് ആണ് വേണ്ടിയിരുന്നത്. എന്നാല്‍ സ്കോര്‍ 213ലെത്തിയപ്പോള്‍ ഒന്‍പതാം വിക്കറ്റ് വീണു, ഇതോടെ ഓസ്ട്രേലിയ വിജയം മണത്തു. എന്നാല്‍ പത്താമന്‍ ജസ്പ്രീത് ബുംറയുടെയും പതിനൊന്നാമന്‍ ആകാശ് ദീപിന്‍റെയും പ്ലാന്‍ മറ്റൊന്നായിരുന്നു. പേസും സ്പിന്നുമെല്ലാം മാറിമാറി വന്നിട്ടും പതറാതെ ഇരുവരും ഇന്ത്യയെ ഫോളോ ഓണ്‍ ലക്ഷ്യം കടത്തി. നാലാംദിവസം കളിയവസാനിക്കുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 252/9.
നാലിന് 51 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ നാലാംദിനം ബാറ്റിങ് പുനരാരംഭിച്ചത്. കെ.എല്‍.രാഹുല്‍ ഒഴികെയുള്ള മുന്‍നിര ബാറ്റര്‍മാര്‍ ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ തകര്‍ന്നടിയുമെന്നാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് പണ്ഡിതര്‍ കരുതിയത്. എന്നാല്‍ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ രവീന്ദ്ര ജഡേജ ഒരിക്കല്‍ക്കൂടി രക്ഷകനായി. കെ.എല്‍.രാഹുലിനും നിതീഷ് കുമാര്‍ റെഡ്ഡിക്കുമൊപ്പം അര്‍ധസെഞ്ചറി കൂട്ടുകെട്ടുകള്‍ തീര്‍ത്ത ജഡേജ 123 പന്തില്‍ 77 റണ്‍സെടുത്തു. 84 റണ്‍സെടുത്ത രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ജഡേജ വീണപ്പോഴാണ് ബുംറയും ആകാശ് ദീപും ഒന്നിച്ചത്. കളി നിര്‍ത്തുമ്പോള്‍ ആകാശ് ദീപ് 27 റണ്‍സും ബുംറ 10 റണ്‍സുമെടുത്ത് ക്രീസിലുണ്ട്.
ഒന്നാമിന്നിങ്സില്‍ ഓസ്ട്രേലിയക്ക് ഇപ്പോള്‍ 193 റണ്‍സ് ലീഡുണ്ട്. ഇത് എത്ര കുറയ്ക്കാന്‍ അഞ്ചാംദിവസം ബുംറയ്ക്കും ആകാശ് ദീപിനും കഴിയും എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇരുവരുടെയും ചെറുത്തുനില്‍പ്പ് വേഗത്തില്‍ അവസാനിച്ചാലും ഓസ്ട്രേലിയയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. അതിവേഗം സ്കോര്‍ ചെയ്ത് ഇന്ത്യയെ വീണ്ടും ബാറ്റിങ്ങിനയയ്ക്കാനും പുറത്താക്കാനുമാകും അവരുടെ ശ്രമം. മഴ മാറാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ അതിന് അല്‍ഭുതങ്ങള്‍ സംഭവിക്കേണ്ടിവരുമെന്ന് ആതിഥേയര്‍ക്ക് നന്നായറിയാം.
ഓസ്ട്രേലിയന്‍ ബോളിങ് നിരയില്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സാണ് ഏറ്റവും തിളങ്ങിയത്. 20.5 ഓവറില്‍ 80 റണ്‍സ് വഴങ്ങി 4 വിക്കറ്റ്. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നുവിക്കറ്റെടുത്തു. ജോഷ് ഹെയ്സല്‍വുഡും നേഥന്‍ ലിയോണും ഓരോ വിക്കറ്റ് നേടി.