ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിനായി ബ്രിസ്ബെയ്നിേലക്ക് പുറപ്പെടും മുന്‍പ് ഇന്ത്യന്‍ ടീമില്‍ അസ്വസ്ഥത. അഡ്ലെയ്ഡില് നിന്നും ബ്രിസ്ബെയ്നിലേക്കുള്ള യാത്രയ്ക്കായി ടീം പുറപ്പെടുമ്പോള്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ നേരം വൈകിയതാണ് പ്രശ്നമുണ്ടാക്കിയത്. ശനിയാഴ്ച ആരംഭിക്കുന്ന ടെസ്റ്റിനായി ഇന്നലെയാണ് ടീം ഇന്ത്യ പുറപ്പെട്ടത്. കൃത്യസമയത്തിന് ലോബിയില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് യശസ്വി ഇല്ലാതെയാണ് ടീം യാത്ര പുറപ്പെടുകയായിരുന്നു. സമയത്തിന് താരം എത്താത്തതില്‍ കുപിതനായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കോച്ച് ഗംഭീറിനൊപ്പം കുറച്ച് നേരം കാത്തുവെങ്കിലും പിന്നീട് ടീം യാത്ര പുറപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രാദേശിക സമയം രാവിലെ 10.5നായിരുന്നു ബ്രിസ്ബെയ്നിലേക്ക് ഫ്ലൈറ്റ്. ഇതിനായി രാവിലെ 8.20ഓടെ ഹോട്ടലില്‍ നിന്ന് പുറപ്പെടണമെന്നാണ് ടീം അംഗങ്ങളെ അറിയിച്ചത്. 8.50 വരെ കാത്തിട്ടും യശസ്വി എത്താതിരുന്നതോടെയാണ് ടീം പുറപ്പെട്ടത്.
രണ്ട് ബസുകളാണ് എയര്‍പോര്‍ട്ടിലേക്ക് പോകാനായി ഇന്ത്യന്‍ ടീമിന് അനുവദിച്ചിരുന്നത്. മറ്റെല്ലാവരും കൃത്യസമയത്ത് തന്നെ ടീമിനൊപ്പം ചേര്‍ന്നു. അഞ്ച് മിനിറ്റ് കൂടി കഴിഞ്ഞ് ലോബിയിലെത്തിയ താരം മാനേജ്മെന്‍റ് പ്രത്യേകം സജ്ജമാക്കിയ കാറില്‍ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനൊപ്പമാണ് എയര്‍പോര്‍ട്ടിലേക്ക് എത്തിയത്. കുടുംബത്തോടൊപ്പമുണ്ടായിരുന്ന വിരാട് കോലിയും ബുംറയും പ്രത്യേക വിമാനങ്ങളില്‍ ബ്രിസ്ബെയ്നിലെത്തി.
അഡ്ലെയ്ഡിലെ കനത്ത തോല്‍വിയുടെ ക്ഷീണം തീര്‍ക്കാന്‍ ഗാബയിലെ ജയം ഇന്ത്യയ്ക്ക് അനിവാര്യമാണ്. സ്വാഭാവികമായും സമ്മര്‍ദവുമുണ്ട്. ബുംറയ്ക്ക് പരുക്കെന്ന അഭ്യൂഹങ്ങളും നിലയുറപ്പിക്കാനാവാത്ത മറ്റ് ബോളര്‍മാരുമാണ് ഇന്ത്യയുടെ നില പരുങ്ങലിലാക്കുന്നത്. ബാറ്റര്‍മാരുടെ കരുത്തില്‍ പെര്‍ത്തില്‍ ഇന്ത്യ ഉജ്വല ജയം ഒന്നാം ടെസ്റ്റില്‍ നേടിയിരുന്നു. ബുംറ എട്ടുവിക്കറ്റെടുത്ത് തിളങ്ങിയ പെര്‍ത്തില്‍ കെ.എല്‍ രാഹുലും കോലിയും യശസ്വിയും നിര്‍ണായക പ്രകടനം പുറത്തെടുത്തു. എന്നാല്‍ അഡ്ലെയ്ഡില് മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു താരം. പാറ്റ് കമിന്‍സും ട്രാവിസ് ഹെഡും ചേര്‍ന്നതോടെ 10 വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ തോല്‍പ്പിച്ചത്.
അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇടംപിടിക്കുകയെന്ന ലക്ഷ്യം മുന്നിലുള്ളതിനാല്‍ തന്നെ ഈ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളും ജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇടംനേടാന്‍ കഴിയുകയുള്ളൂ.