ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം വന്ന് ബാറ്റ്സ്മാന് ദാരുണാന്ത്യം. പൂണെയിലെ ഗര്‍വാരെ സ്റ്റേഡിയത്തില്‍ ഇന്നലെയാണ് സംഭവം. ഇമ്രാന്‍ പട്ടേലെന്ന 35കാരനാണ് മരിച്ചത്. ഓപ്പണറായാണ് ഇമ്രാന്‍ ക്രീസിലെത്തിയത്. പിച്ചില്‍ എത്തിയതിന് പിന്നാലെ തന്നെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഫീല്‍ഡ് അംപയറോട് വിവരം അറിയിച്ചു. ഇതോടെ ഗ്രൗണ്ടില്‍ നിന്ന് പോകാന്‍ അംപയര്‍മാര്‍ അനുവദിക്കുകയും ചെയ്തു. പവലിയനിലേക്ക് മടങ്ങുന്നതിനിടെ ഇമ്രാന്‍ ഗ്രൗണ്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
ഇമ്രാന്‍ കുഴഞ്ഞ് വീണത് കണ്ടതും സഹതാരങ്ങള്‍ ഓടിയെത്തി. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇമ്രാന്‍ പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്നും മികച്ച ശാരീരിക ക്ഷമതയുള്ള ആളായിരുന്നുവെന്നും കോച്ചും താരങ്ങളും പറയുന്നു. ഓള്‍റൗണ്ടറായ താരം സാധാരണയായി കളിക്കളത്തില്‍ ഊര്‍ജസ്വലനായാണ് കാണപ്പെടുന്നതെന്നും സഹതാരങ്ങളും പറയുന്നു. ഇമ്രാന്‍റെ പൊടുന്നനെയുള്ള മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് സുഹൃത്തുക്കള്‍. ഇമ്രാന് ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ളതായി തനിക്കറിവില്ലെന്നും മരണം നടുക്കുന്നതാണെന്നും സഹതാരമായ നസീര്‍ ഖാന്‍ പറഞ്ഞു.
ഭാര്യയും മൂന്ന് മക്കളുമാണ് ഇമ്രാനുള്ളത്. ഏറ്റവും ഇളയ മകള്‍ക്ക് നാലുമാസം മാത്രമാണ് പ്രായം. സ്വന്തമായി ക്രിക്കറ്റ് ടീമുള്ള ഇമ്രാന്‍ മികച്ച റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ കൂടിയാണെന്നും സുഹൃത്തുക്കള്‍ ഓര്‍ത്തെടുക്കുന്നു. ഇക്കഴിഞ്ഞ സെപ്റ്റബറില്‍ പൂണെയില്‍ വച്ച് നടന്ന ക്രിക്കറ്റ് മല്‍സരത്തിനിടെ ഹബീബ് ഷാക്കിബ് എന്ന താരവും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. കടുത്ത പ്രമേഹ രോഗി കൂടിയായിരുന്നു ഷാക്കിബ്. എന്നാല്‍ ഇമ്രാന് പറയത്തക്ക ഒരസുഖവും ഉണ്ടായിരുന്നില്ലെന്നാണ് എല്ലാവരെയും ആശങ്കയിലാക്കുന്നത്.