jos-buttler

തകര്‍പ്പന്‍ ഫോമിലേക്കുള്ള തന്‍റെ തിരിച്ചുവരവ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട് വൈറ്റ്ബോള്‍ ക്യാപ്റ്റന്‍ ജോസ് ബട്ട്ലര്‍. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ബാര്‍ബഡോസില്‍ നടന്ന രണ്ടാം ട്വന്റി20യില്‍ 158 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 31 പന്തുകള്‍ ശേഷിക്കെ ബട്ട്ലറുടെ അര്‍ധ ശതകത്തിന്‍റെ ബലത്തില്‍ ജയിച്ചുകയറി. ഇവിടെ ബട്ടറിന്‍റെ ബാറ്റില്‍ നിന്ന് പറന്ന സിക്സ് കണ്ട് ആരാധകരും ഡബിള്‍ ഹാപ്പി. 

115 മീറ്ററാണ് ബട്ട്ലറുടെ ആ സിക്സ് പറന്നത്. ഇംഗ്ലണ്ട് ഇന്നിങ്സിന്റെ ഒന്‍പതാം ഓവറിലായിരുന്നു ഇത്. വിന്‍ഡിസ് സ്പിന്നര്‍ ഗുഡാകേശ് മോട്ടിയായിരുന്നു ഇര. ക്രീസ് ലൈനിന് പുറത്തേക്കിറങ്ങി ബട്ട്ലര്‍ പായിച്ച പന്ത് ഗ്രൗണ്ടിന് പുറത്തെത്തി. ബട്ടറിന്‍റെ ഈ സിക്സ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. കളിയില്‍ 45 പന്തില്‍ നിന്ന് 83 റണ്‍സ് ആണ് ബട്ട്ലര്‍ അടിച്ചെടുത്തത്. ആദ്യ ട്വന്റി20യില്‍ ബട്ട്ലര്‍ ഗോള്‍ഡന്‍ ഡക്കായിരുന്നു. 

ഫോട്ടോ: എഎഫ്പി

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് ആണ് കണ്ടെത്തിയത്. 43 റണ്‍സ് എടുത്ത റോവ്മാന്‍ പവല്‍ മാത്രമാണ് വിന്‍ഡിസ് ഇന്നിങ്സില്‍ പിടിച്ചുനിന്നത്. ചെയ്സ് ചെയ്ത് ഇറങ്ങിയ ഫില്‍ സോള്‍ട്ട് ഇംഗ്ലണ്ട് ഇന്നിങ്സിന്‍റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ പുറത്തായി. എന്നാല്‍ വില്‍ ജാക്സും ബട്ട്ലറും ചേര്‍ന്ന് ഇംഗ്ലണ്ടിനെ മുന്‍പോട്ട് കൊണ്ടുപോയി. വില്‍ ജാത്സ് 29 പന്തില്‍ നിന്ന് 38 റണ്‍സ് നേടി. ലിവിങ്സ്റ്റണ്‍ 11 പന്തില്‍ 23 റണ്‍സ് എടുത്തതോടെ ഇംഗ്ലണ്ട് ജയം വേഗത്തിലായി.

ഫോട്ടോ: എഎഫ്പി

ENGLISH SUMMARY:

England whiteball captain Jos Buttler announced his return to international cricket with a smashing form.