വിരാട് കോലിക്ക് എതിരായ റിക്കി പോണ്ടിങ്ങിന്‍റെ പരാമര്‍ശത്തോട് രൂക്ഷമായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ പോണ്ടിങ്ങിന് എന്ത് കാര്യം? ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ കുറിച്ച് പോണ്ടിങ് ചിന്തിക്കട്ടെ എന്നാണ് ഗംഭീറിന്‍റെ വാക്കുകള്‍.
രോഹിത്തിനേയും കോലിയേയും ഓര്‍ത്ത് പോണ്ടിങ് ആശങ്കപ്പെടേണ്ടതില്ല. ഇവര്‍ രണ്ട് പേരും ശക്തരായ വ്യക്തികളാണ്. ഇന്ത്യന്‍ ക്രിക്കറ്റിനായി ഒരുപാട് നേട്ടങ്ങള്‍ തൊട്ടവരാണ്. ഭാവിയിലും അവര്‍ ഇന്ത്യക്കായി ഒരുപാട് നേട്ടങ്ങളിലേക്ക് എത്തും, ഗംഭീര്‍ പറയുന്നു. ടെസ്റ്റ് കരിയറില്‍ കഴിഞ്ഞ 5 വര്‍ഷത്തില്‍ രണ്ട് സെഞ്ചറികള്‍ മാത്രമാണ് കോലി നേടിയത് എന്ന റിക്കി പോണ്ടിങിന്‍റെ പരാമര്‍ശം പ്രസ് കോണ്‍ഫറന്‍സില്‍ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് ഗംഭീറിന്‍റെ പ്രതികരണം.
'അവര്‍ ഇപ്പോഴും കഠിനാധ്വാനം ചെയ്യുകയാണ്. അവര്‍ക്ക് ഇപ്പോഴും കളിയോട് അഭിനിവേശമുണ്ട്. അതാണ് പ്രധാനപ്പെട്ട കാര്യം. ഡ്രസ്സിങ് റൂമിനുള്ളിലുള്ള കളിയോടുള്ള ആ വിശപ്പാണ് എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത്. കഴിഞ്ഞ പരമ്പരയ്ക്ക് ശേഷം ഡ്രസ്സിങ് റൂമിനുള്ളിലെ ആ അഭിനിവേശം കൂടിയിട്ടേ ഉള്ളുവെന്നും ഗംഭീര്‍ വ്യക്തമാക്കുന്നു.
'ഞാന്‍ ചില കണക്കുകള്‍ കണ്ടു. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ കോലി രണ്ട് ടെസ്റ്റ് സെഞ്ചറി നേടിയിട്ടുള്ളു എന്നതാണ് അത്. അങ്ങനെ വരുമ്പോള്‍ കാര്യങ്ങള്‍ ശരിയായ നിലയിലല്ല എന്നാണ് എനിക്ക് തോന്നുന്നത്. അത് ആശങ്കപ്പെടുത്തുന്ന ഒരു കാര്യമാണ്. അഞ്ച് വര്‍ഷത്തില്‍ രണ്ട് ടെസ്റ്റ് സെഞ്ചറികള്‍ മാത്രം നേടിയ ടോപ് ഓര്‍ഡറില്‍ കളിക്കുന്ന മറ്റൊരു രാജ്യാന്തര താരം ഉണ്ടാകും എന്ന് താന്‍ കരുതുന്നില്ല', ഇങ്ങനെയായിരുന്നു പോണ്ടിങ്ങിന്‍റെ വാക്കുകള്‍.