suryakumar-hardik

ഫോട്ടോ: എഎഫ്പി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ രണ്ടാം ട്വന്റി20യില്‍ ഇന്ത്യ തോല്‍വി തൊട്ടതോടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെതിരെ വിമര്‍ശനം. അക്ഷര്‍ പട്ടേലിന് ഒരോവര്‍ മാത്രം നല്‍കിയ സൂര്യയുടെ നീക്കമാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് വിക്കറ്റിനാണ് ഇന്ത്യയുടെ തോല്‍വി. 

surya-ravi

ഫോട്ടോ: എഎഫ്പി

ക്ലാസന്റേയും ഡേവിഡ് മില്ലറുടേയും ഉള്‍പ്പെടെ അഞ്ച് വിക്കറ്റാണ് വരുണ്‍ ചക്രവര്‍ത്തി വീഴ്ത്തിയത്. രവി ബിഷ്ണൊയ് ഒരു വിക്കറ്റും നേടി. സ്പിന്നര്‍മാര്‍ക്ക് പിച്ചില്‍ നിന്ന് പിന്തുണ ലഭിക്കുന്ന സമയം എന്തുകൊണ്ട് അക്ഷര്‍ പട്ടേലിന് ഒരോവര്‍ മാത്രം നല്‍കി എന്ന ചോദ്യമാണ് ഉയരുന്നത്. എക്സ്ട്രാ സ്പിന്നറെ കളിപ്പിക്കുമ്പോള്‍ കൂടുതല്‍ ഓവര്‍ നല്‍കേണ്ടതാണ് എന്നാണ് സൂര്യയുടെ നീക്കത്തെ വിമര്‍ശിച്ച് ഉയരുന്ന പ്രതികരണങ്ങള്‍. 

എന്തുകൊണ്ട് അക്ഷര്‍ പട്ടേലിന് കൂടുതല്‍ ഓവറുകള്‍ നല്‍കിയില്ല എന്ന് എനിക്ക് മനസിലാവുന്നില്ല. വരുണും രവിയും നന്നായി ബോള്‍ ചെയ്തു. എന്നാല്‍ സൂര്യകുമാര്‍ അക്ഷറിലേക്ക് പിന്നെ പന്ത് നല്‍കിയില്ല. എക്സ്ട്രാ സ്പിന്നറെ കളിപ്പിക്കുമ്പോള്‍ കൂടുതല്‍ ഓവറുകള്‍ നല്‍കേണ്ടതാണ്. അക്ഷര്‍ നല്ല ബോളറാണ്, ആകാശ് ചോപ്ര പറഞ്ഞു. 

axar-patel

ഫോട്ടോ: എഎഫ്പി

അക്ഷര്‍ പട്ടേല്‍ വിക്കറ്റ് വീഴ്ത്താന്‍ പ്രാപ്തനായ ബോളറാണ്. പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഉപയോഗപ്പെടുത്തുകയും വേണം. അക്ഷറിന് ഒരോവര്‍ മാത്രമാണ് നല്‍കുന്നത് എങ്കില്‍ അക്ഷറിന് പകരം ഒരു ബാറ്ററെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതാവും നല്ലത്, പാര്‍ഥിവ് പട്ടേല്‍ ചൂണ്ടിക്കാണിച്ചു. 

ദക്ഷിണാഫ്രിക്കന്‍ ബാറ്റേഴ്സ് സ്പിന്നര്‍മാര്‍ക്കെതിരെ പ്രയാസപ്പെടുകയായിരുന്നു. എന്നാല്‍ ഫാസ്റ്റ് ബോളര്‍മാര്‍ വന്നതോടെ സ്റ്റബ്സിനും കോട്സീക്കും കൂടുതല്‍ എളുപ്പത്തില്‍ റണ്‍സ് കണ്ടെത്താനായി. അവസാന ഘട്ടത്തില്‍ സൂര്യകുമാര്‍ യാദവ് അക്ഷര്‍ പട്ടേലിനെ കൊണ്ടുവന്നാല്‍ നന്നായിരുന്നു എന്നും പാര്‍ഥിവ് പട്ടേല്‍ പറയുന്നു. 

ENGLISH SUMMARY:

Criticism against captain Suryakumar Yadav after India lost in the second Twenty20 of the series against South Africa. Surya's move of giving only one over to Axar Patel is causing criticism.