വിരാട് കോലി ഇന്‍സ്റ്റഗ്രാമില്‍ തന്നെ ബ്ലോക്ക് ചെയ്തിരുന്നതായി ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്. കോലിയുമായുള്ള ബന്ധം മോശമായിരുന്ന സമയത്തെ സംഭവം വെളിപ്പെടുത്തുകയാണ് മാക്സ്വെല് ഇപ്പോള്‍. ഗ്രൗണ്ടില്‍ വെച്ച് കോലിയെ പരിഹസിച്ചതിനായിരുന്നു ഇന്ത്യന്‍ മുന്‍ നായകന്‍ മാക്സ്വെല്ലിനെ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തത്.
'ഐപിഎല്ലില്‍ ആര്‍സിബി ടീമിലേക്ക് ഞാന്‍ എത്തുന്നു എന്നറിഞ്ഞതോടെ എനിക്ക് ആദ്യം സന്ദേശം അയച്ചത് കോലിയാണ്. ഐപിഎല്ലിന് മുന്‍പായുള്ള പരിശീലന ക്യാംപില്‍ വെച്ച് ഞങ്ങള്‍ സംസാരിക്കുകയും സമയം ചെലവിടുകയും ചെയ്തു. ഈ സമയം ഞാന്‍ സമൂഹമാധ്യമങ്ങളില്‍ കോലിയെ ഫോളോ ചെയ്യാനായി നോക്കി. എന്നാല്‍ കോലിയെ കണ്ടെത്താന്‍ എനിക്കായില്ല', മാക്സ്വെല് പറയുന്നു.
സമൂഹമാധ്യമങ്ങളില്‍ കോലി ഉണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്നാല്‍ എനിക്ക് സെര്‍ച്ച് ചെയ്ത് കണ്ടെത്താനായില്ല. അപ്പോഴാണ് ആരോ പറഞ്ഞത് എന്നെ കോലി ബ്ലോക്ക് ചെയ്തിട്ടുണ്ടാകാം എന്ന്. എനിക്കത് വിശ്വസിക്കാനായില്ല എന്നും മാക്സ്വെല് പറയുന്നു. ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന് ഇടയിലെ സംഭവമാണ് മാക്സ്വെല്ലിനെ സമൂഹമാധ്യമങ്ങളില്‍ ബ്ലോക്ക് ചെയ്യുന്നതിലേക്ക് കോലിയെ നയിച്ചത്. സ്റ്റീവ് സ്മിത്തിനെ അനുകരിച്ച് ഇഷാന്ത് ശര്‍മയും ഡ്രസ്സിങ് റൂമിലേക്ക് നോക്കി ഡിആര്‍എസ് എടുക്കണമോ എന്ന ചോദിച്ച ഓസീസ് ക്യാപ്റ്റന്‍റെ നീക്കവുമെല്ലാമായി സംഭവ ബഹുലമായിരുന്നു ഓസ്ട്രേലിയയുടെ ആ ഇന്ത്യാ പര്യടനം.
ടെസ്റ്റ് പരമ്പരയിലെ റാഞ്ചി ടെസ്റ്റിന്‍റെ ആദ്യ ദിനം ഫീല്‍ഡിങ്ങിനിടെ കോലിക്ക് പരുക്കേറ്റു. രണ്ട് ദിവസത്തിന് ശേഷം ഓസ്ട്രേലിയ ഫീല്‍ഡ് ചെയ്യുന്ന സമയം കോലിയുടെ ഈ പരുക്കിനെ പരിഹസിച്ച് മാക്സ്വെല് ആംഗ്യം കാണിച്ചു. പരുക്കിനെ തുടര്‍ന്ന് കോലിക്ക് പരമ്പരയിലെ അവസാന ടെസ്റ്റ് നഷ്ടമായിരുന്നു.
ഞാന്‍ കോലിയുടെ അടുത്തേക്ക് പോയി എന്നെ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തിരുന്നോ എന്ന് ചോദിച്ചു. ടെസ്റ്റ് മത്സരത്തില്‍ എന്നെ നീ കളിയാക്കിയപ്പോള്‍ ചെയ്തിട്ടുണ്ടാവും എന്നായിരുന്നു കോലിയുടെ മറുപടി. അവിടെ വെച്ച് കോലി എന്നെ അണ്‍ബ്ലോക്ക് ചെയ്തു. അതിന് ശേഷം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു.