ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് വഴങ്ങിയ ഇന്ത്യ തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. ആദ്യ ഇന്നിങ്സില്‍ സ്കോര്‍ ബോര്‍ഡിലേക്ക് സംഭാവനയൊന്നും ചെയ്യാനായില്ലെങ്കിലും രണ്ടാം ഇന്നിങ്സില്‍ അര്‍ധ സെഞ്ചറിയോടെ വിരാട് കോലി തിരിച്ചെത്തി. ഒപ്പം 9,000 ടെസ്റ്റ് റണ്ണെന്ന കടമ്പയും കടന്നു. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് കോലി.
Also Read: ബെംഗളൂരു ടെസ്റ്റ്; കോലിയും പുറത്ത്; മൂന്നാം ദിനം ഇന്ത്യ 231/3
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്കര്‍ എന്നിവര്‍ക്ക് ശേഷമാണ് കോലി 9,000 ടെസ്റ്റ് റണ്‍സ് എന്ന നേട്ടത്തിലെത്തുന്നത്. എന്നാല്‍ ഈ നാഴികക്കല്ലു പിന്നിടാന്‍ മറ്റ് താരങ്ങളേക്കാവ്‍ കൂടുതല്‍ ഇന്നിങ്സ് വേണ്ടിവന്നു കോലിക്ക്. 197 ഇന്നിങ്സുകളില്‍ നിന്നാണ് കോലി 9,000 റണ്‍സിലേക്ക് എത്തുന്നത്.
176 ഇന്നിങ്സില്‍ ഈ നേട്ടം സ്വന്തമാക്കിയ ദ്രാവിഡാണ് മുന്നില്‍. സച്ചിന് 179 ഉം ഗവാസ്കര്‍ 192ഉം ഇന്നിങ്സുകള്‍ കളിക്കേണ്ടിവന്നു ഈ നേട്ടം സ്വന്തമാക്കാന്‍. 2022 ല്‍ 169 ഇന്നിങ്സില്‍ 8,000 കടന്ന ശേഷം 1,000 ടെസ്റ്റ് റണ്‍സ് നേടാന്‍ കോലിക്ക് 28 ഇന്നിങിസുകള്‍ വേണ്ടി വന്നു.
Also Read: ‘എന്‍റെ പിഴ, എന്‍റെ മാത്രം പിഴ’; കുറ്റമേറ്റ് രോഹിത് ശര്‍മ
ഇതിനൊപ്പം ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച രണ്ടാമത്തെ താരമായി കോലി മാറി. 536 മത്തെ മത്സരമാണ് ബംഗളൂരു ടെസ്റ്റ്. 535 മത്സരം കളിച്ച ധോണിയെയാണ് താരം മറികടന്നത്. 664 മത്സരം കളിച്ച സച്ചിനാണ് കോലിക്ക് മുന്നില്‍. ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ 27,000 അന്താരാഷ്ട്ര റണ്‍സ് എന്ന നാഴികക്കല്ലും കോലി മറികടന്നിരുന്നു.
ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നാലാമത്തെ ടെസ്റ്റ് താരമാണ് കോലി. 15921 റണ്‍സെടുത്ത സച്ചിനും 13288 റണ്‍സുമായി ദ്രാവിഡും 10122 റണ്‍സുള്ള ഗവാസ്കറുമാണ് മുന്നില്‍.