സെപ്റ്റംബര്‍ 30, 2024...ഈ തിയതി ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ മായാതെ കിടക്കും, റെക്കോര്‍ഡുകളുടെ മാര്‍ച്ച് പാസ്റ്റ് നടന്ന ദിവസം , ക്രിക്കറ്റ് സ്നേഹികളാരും മറക്കില്ല ഈ ദിവസം. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ നാലാംദിനം മത്സരത്തിന്‍റെ കടിഞ്ഞാണ്‍ കയ്യില്‍ മുറുക്കിയാണ് ഇന്ത്യ കളിയവസാനിപ്പിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ വേഗമേറിയ 50,100,150,200,250...തികച്ച ടീമേതെന്ന ചോദ്യത്തിനു ഇനി ഒരേ ഒരു ഉത്തരം മാത്രം, ഇന്ത്യ.
മഴ മൂലം ആദ്യദിനം 35 ഓവര്‍ മാത്രമാണ് മത്സരം നടന്നത്. രണ്ടും മൂന്നും ദിനങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ച ഒരു ടെസ്റ്റില്‍ നാലാംദിനം പോരാടാനുറച്ച് തന്നെയാണ് രോഹിതും സംഘവും ഇന്നലെ ബാറ്റിങ്ങിനിറങ്ങിയത്. യശസ്വി ജയ്‌സ്വാള്‍ വെടിക്കെട്ടിനു തിരികൊളുത്തി. രണ്ട് സിക്സര്‍ പറത്തി രോഹിതും നയം വ്യക്തമാക്കി. 3ഓവറില്‍ ഇന്ത്യ 50 കടന്നു. ഇരുവരും ടീമിനു പകര്‍ന്ന ഗംഭീര തുടക്കം പിന്നാലെ വന്നവരും ഏറ്റുപിടിച്ചു. ഗില്ലും കോലിയും കെഎല്‍ .രാഹുലും അറ്റാക്കിങ് മോഡ് പിടിച്ചു പൊരുതി. അങ്ങനെ ഇന്ത്യന്‍ സ്കോര്‍ വായുവില്‍ കുതിച്ചു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുഹമ്മദ് സിറാജും പറന്നുപിടിച്ച രണ്ടു ക്യാച്ചുകളായിരുന്നു നാലാംദിനത്തിലെ മറ്റൊരു ഹൈലൈറ്റ് . രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 27000 റണ്‍സ് പിന്നിടുന്ന താരമായി വിരാട് കോലി വീണ്ടും റെക്കോര്‍ഡ് കുറിച്ചു. 594 ഇന്നിങ്സുകളിലാണ് ഈ നേട്ടം. 623 ഇന്നിങ്സുകളില്‍ ഈ നേട്ടം സ്വന്തമാക്കിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ് കോലി മറികടന്നത്. സച്ചിനും(34357 റണ്‍സ്) കോലിക്കും പുറമേ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര( 28016) ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ് ( 27483) എന്നിവരാണ് 27000 രാജ്യാന്തര റണ്‍സ് മറികടന്ന മറ്റു താരങ്ങള്‍.
റെക്കോര്‍ഡുകള്‍ ഇടതടവില്ലാതെ പിറന്ന ഇന്ത്യന്‍ ഇന്നിങ്സ് ഒരു അപൂര്‍വ സ്കോര്‍ കാര്‍ഡിനും സാക്ഷിയായി. 11ാം ഓവറിലെ ഒന്നാം പന്തില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് എന്ന നിലയില്‍. അതായത് സ്‌കോര്‍ ബോര്‍ഡില്‍ 11.1–111/1. ആവര്‍ത്തിക്കാന്‍ ഇടയില്ലാത്ത അപൂര്‍വ സ്കോര്‍ കാര്‍ഡ്. അതേസമയം തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റ് നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമായി മാറി രവീന്ദ്ര ജഡേജ. ഇന്നലെ ബംഗ്ലദേശ് താരം ഖാലിദ് അഹമ്മദിനെ പുറത്താക്കിയാണ് ജഡേജ 300 ക്ലബില് ഇടം പിടിച്ചത്. അനില്‍ കുംബ്ലെ, ആര്‍ അശ്വിന്‍,കപില്‍ ദേവ്, ഹര്‍ഭജന്‍ സിങ്, ഇഷാന്ത് ശര്മ, സഹീര്‍ ഖാന്‍ എന്നിവരാണ് പട്ടികയിലെ മറ്റ് ഇന്ത്യക്കാര്‍.