കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സില്‍ മിന്നും തുടക്കം നല്‍കി ഓപ്പണര്‍മാര്‍. 3.5 ഓവറിലേക്ക് കളി എത്തിയപ്പോഴേക്കും ഇന്ത്യന്‍ സ്കോര്‍ രോഹിത്തും യശസ്വിയും ചേര്‍ന്ന് 55ല്‍ എത്തിച്ചു. മൂന്ന് ഓവറില്‍ ഏറ്റവും വേഗത്തില്‍ സ്കോര്‍ 50ല്‍ എത്തിക്കുന്ന ടീമായി ഇന്ത്യ മാറി. 10 ഓവറില്‍ സ്കോര്‍ നൂറും കടന്നു. അതിവേഗത്തില്‍ ടീം സ്കോര്‍ 100 കടത്തുന്ന ടീമായും ഇന്ത്യ മാറി. 10.1 ഓവറിലാണ് ഇന്ത്യന്‍ ടീം നൂറ് കടന്നത്.
209 എന്ന സ്ട്രൈക്ക്റേറ്റില്‍ കളിക്കുന്നതിന് ഇടയിലാണ് രോഹിത് ശര്‍മയെ മെഹ്ദി ഹസന്‍ മിറാസ് ഡ്രസ്സിങ് റൂമിലേക്ക് മടക്കുന്നത്. 11 പന്തില്‍ നിന്ന് ഒരു ഫോറും മൂന്ന് സിക്സും പറത്തി 23 റണ്‍സ് എടുത്ത് നില്‍ക്കുകയായിരുന്നു രോഹിത്. മെഹ്ദിയുടെ ഡെലിവറിയില്‍ ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിച്ച രോഹിത്തിന്‍റെ ബാറ്റിനും പാഡിനും ഇടയിലൂടെ ഉരസി പന്ത് സ്റ്റംപ് ഇളക്കുകയായിരുന്നു.
രോഹിത് പുറത്തായെങ്കിലും മറുവശത്ത് യശസ്വി റെഡ് ബോള്‍ ക്രിക്കറ്റിലെ തന്റെ മിന്നും ഫോം തുടര്‍ന്നു. 31 പന്തില്‍ നിന്നാണ് യശസ്വി ജയ്സ്വാള്‍ അര്‍ധ ശതകം കണ്ടെത്തിയത്. ഇന്ത്യന്‍ ഇന്നിങ്സിന്‍റെ മൂന്നാം ഓവറില്‍ ഹസന്‍ മഹ്മുദിന് എതിരെ 20 റണ്‍സ് ആണ് യശസ്വി അടിച്ചെടുത്തത്.
കാണ്‍പൂര്‍ ടെസ്റ്റിന്‍റെ രണ്ടും മൂന്നും ദിവസങ്ങള്‍ മഴയെടുത്തതിന് പിന്നാലെ നാലാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 233 റണ്‍സിന് ഓള്‍ഔട്ടായി. നാലാം ദിനം കളി തുടങ്ങിയപ്പോള്‍ ബുമ്രയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് നല്‍കിയത്. മുഷ്ഫിഖര്‍ റഹിമീനെ പതിനൊന്ന് റണ്‍സ് എടുത്ത് നില്‍ക്കെ ബൂമ്ര പുറത്താക്കി. ബുമ്രയുടെ പന്ത് മുഷ്ഫിഖറിന്‍റെ ഓഫ് സ്റ്റംപ് ഇളക്കുകയായിരുന്നു. ആകാശ് ദീപിനേയും ബുമ്രയേയും തുടരെ ഇറക്കിയുള്ള രോഹിത്തിന്‍റെ തന്ത്രം വിജയിക്കുകയായിരുന്നു ഇവിടെ.
ബംഗ്ലാദേശ് ഇന്നിങ്സ് 46ാം ഓവറിലേക്ക് എത്തിയപ്പോഴാണ് രവീന്ദ്ര ജഡേജയുടെ കൈകളിലേക്ക് രോഹിത് ശര്‍മ പന്ത് നല്‍കിയത്. എന്നാല്‍ നാലാം ദിവസം തന്‍റെ ആദ്യ ഓവറില്‍ തന്നെ മൊമിനുല്‍ ഹഖ് രവീന്ദ്ര ജഡേജയെ തുടരെ രണ്ട് വട്ടം ബൗണ്ടറി കടത്തി. മുഹമ്മദ് സിറാജാണ് ബംഗ്ലാദേശിന്‍റെ അഞ്ചാം വിക്കറ്റ് പിഴുതത്. സിറാജിന്‍റെ ഫുള്‍ ലെങ്ത് ഡെലിവറിയില്‍ ബൗണ്ടറി ലക്ഷ്യമിട്ടായിരുന്നു ലിറ്റന്‍ ദാസിന്‍റെ ഷോട്ട്. എന്നാല്‍ മിഡ് ഓഫില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന രോഹിത് ഒറ്റക്കയ്യില്‍ ക്യാച്ചെടുത്ത് ലിറ്റനെ മടക്കി.
നാലാം ദിനം തന്‍റെ ആദ്യ ഓവറില്‍ തന്നെ അശ്വിന്‍ വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യ ആധിപത്യം ശക്തിപ്പെടുത്തി. 9 റണ്‍സ് എടുത്ത് നില്‍ക്കെ ഷക്കീബ് അല്‍ ഹസന്‍ സിക്സ് പറത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ മിഡ് ഓഫില്‍ ഒറ്റക്കയ്യില്‍ തകര്‍പ്പന്‍ ക്യാച്ചെടുത്ത് മുഹമ്മദ് സിറാജ് ഷക്കീബ് അല്‍ ഹസനെ മടക്കി. ഇന്ത്യക്കായി ബുമ്ര മൂന്ന് വിക്കറ്റും സിറാജ്, അശ്വിന്‍, ആകാശ് ദീപ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.