കേരള ക്രിക്കറ്റ് ലീഗില്‍ ബാറ്റിങ് വെടിക്കെട്ട് പുറത്തെടുത്ത് തൃശൂര്‍ ടൈറ്റന്‍സ് ക്യാപ്റ്റന്‍സ് വിഷ്ണു വിനോദ്. 45 പന്തില്‍ നിന്ന് 139 റണ്‍സ് ആണ് വിഷ്ണു വിനോദ് അടിച്ചെടുത്തത്. 17 സിക്സും അഞ്ച് ഫോറുമാണ് വിഷ്ണുവിന്റെ ബാറ്റില്‍ നിന്ന് പറന്നത്. വിഷ്ണുവിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ ബലത്തില്‍ ആലപ്പി റിപ്പിള്‍സ് ഉയര്‍ത്തിയ 182 റണ്‍സ് വിജയ ലക്ഷ്യം 12.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ തൃശൂര്‍ ടൈറ്റന്‍സ് മറികടന്നു.
33 പന്തിലാണ് വിഷ്ണു വിനോദ് സെഞ്ചറി തികച്ചത്. കേരള ക്രിക്കറ്റ് ലീഗിലെ ഏറ്റവും വേഗമേറിയ സെഞ്ചറി എന്ന നേട്ടം വിഷ്ണു തന്റെ പേരിലാക്കി. 12ാം ഓവറിലെ രണ്ടാം പന്തില്‍ സിക്സിലൂടെ വിജയ റണ്‍ നേടാന്‍ ശ്രമിച്ചപ്പോഴാണ് വിഷ്ണുവിന്റെ വിക്കറ്റ് വീണത്. അപ്പോഴേക്കും തൃശൂരിന് ജയിക്കാന്‍ രണ്ട് റണ്‍സ് മാത്രം മതിയായിരുന്നു.
ജയത്തോടെ തൃശൂർ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. ആലപ്പിക്കായി മുഹമ്മദ് അസറുദീൻ 90 റണ്‍സോടെ തിളങ്ങിയെങ്കിലും ടീമിനെ ജയത്തിലേക്ക് എത്തിക്കാനായില്ല. 53 പന്തില്‍ നിന്നാണ് അസറുദീന്‍ 90 റണ്‍സ് അടിച്ചെടുത്തത്. ഏഴ് സിക്സും 10 ബൗണ്ടറിയും അസറുദ്ദീന്റെ ബാറ്റില്‍ നിന്ന് വന്നു. മത്സരത്തില്‍ ആകെ പിറന്നത് 35 സിക്സുകള്‍.
കേരള ക്രിക്കറ്റ് ലീഗിലെ മറ്റൊരു മത്സരത്തില്‍ കൊല്ലം സെയിലേഴ്സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ തോല്‍പ്പിച്ച് വിജയയാത്ര തുടര്‍ന്നു. കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ മൂന്നു വിക്കറ്റിനാണ് തോല്‍പ്പിച്ചത്. 173 റണ്‍ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം ഒരുപന്ത് ബാക്കി നില്‍ക്കെ ഏഴുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. കാലിക്കറ്റിന് വേണ്ടി ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ അര്‍ധസെഞ്ചുറി നേടി. കൊല്ലത്തിന്റെ എന്‍.കെ.ഷറഫുദീനാണ് പ്ലയര്‍ ഓഫ് ദ മാച്ച്.