ഇന്ത്യ–ബംഗ്ലദേശ് ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ വിരാട് കോലിയെ ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. അതിന് ചില കാരണങ്ങള്‍ കൂടിയുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ 27,000 റണ്‍സെന്ന നേട്ടത്തിലേക്ക് വെറും 58 റണ്‍സിന്‍റെ മാത്രം അകലെയാണ് കോലി. ബംഗ്ലാദേശിനെതിരെ കോലി താളം കണ്ടെത്തിയാല്‍ ഈ നേട്ടത്തിനൊപ്പം തകരുക ഇതിഹാസ താരം സച്ചിന്‍റെ റെക്കോര്‍ഡ് കൂടിയാണ്.
623 ഇന്നിങ്സുകളില്‍ നിന്ന് 27,000 റണ്‍സിലെത്തിയ സച്ചിനാണ് ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിച്ച താരം. എന്നാല്‍ കോലിയാവട്ടെ 591 ഇന്നിങ്സുകളില്‍ നിന്ന് ഇതുവരെ 26942 റണ്‍സ് സമ്പാദിച്ചിട്ടുമുണ്ട്. വരാനിരിക്കുന്ന എട്ട് ഇന്നിങ്സുകളില്‍ നിന്നായി 57 റണ്‍സ് എടുക്കുക കോലിയെ സംബന്ധിച്ച് നിസാരമാണ്. അങ്ങനെയെങ്കില്‍ സച്ചിന്‍റെ റെക്കോര്‍ഡ് തകരുന്നതിനൊപ്പം മറ്റൊരു റെക്കോര്‍ഡും പിറക്കും..600 ഇന്നിങ്സില്‍ താഴെ 27,000 റണ്‍സ് തികച്ച ആദ്യ ക്രിക്കറ്ററാകും കോലി. 147 വര്‍ഷത്തെ ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമാകും ഈ നേട്ടം.
ട്വന്‍റി20 ഫോര്‍മാറ്റില്‍ നിന്നും കോലി നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. െടസ്റ്റ്, ഏകദിന മല്‍സരങ്ങളിലാകും ആരാധകര്‍ക്ക് ഇനി കോലിയുടെ പ്രകടനം കാണാന്‍ കഴിയുക. 27,000 റണ്‍സ് ക്ലബില്‍ സച്ചിനെ കൂടാതെ ഓസീസിന്‍റെ റിക്കി പോണ്ടിങ്, ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര എന്നിവരുമുണ്ട്.